Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈയാഴ്ചയെന്ന് പ്രസിഡന്റ്

കൊളംബോ- ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈയാഴ്ച തന്നെ നിലവില്‍വരുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അറിയിച്ചു.  രാജപക്സെ കുടുംബക്കാരില്ലാത്ത കാബിനറ്റിനു രൂപം നൽകി പ്രതിസന്ധി അതിജീവിക്കാനാണ് ഗോട്ടബയ രാജപക്സെയുടെ ശ്രമമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
പ്രസിഡന്റിന്റെ സഹോദരന്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ
രാജ്യത്ത് പട്ടാള ഭരണത്തെ കുറിച്ചുള്ള അഭ്യൂഹം തുടരുന്നതിനിടയിലാണ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം. സ്ഥാനമൊഴിയുന്നതായി മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചതിനു ശേഷം ശ്രീലങ്ക വ്യാപകമായ കലാപത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരായ പട്ടാള നടപടിയില്‍ മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക അറിയിച്ചു. സമാധാനത്തിനായി മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരായ പ്രതിഷേധം അക്രമാസക്തമായ ശ്രീലങ്കയില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവരെ കണ്ടാല്‍ വെടിവയ്ക്കാനുള്ള ഉത്തരവുമായാണ് പട്ടാളം രംഗത്തിറങ്ങിയത്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും രണ്ടാം ദിവസം രാത്രിയും വ്യാപകമായി തീവെപ്പ് നടന്നു.
തലസ്ഥാനമായ കൊളംബോക്ക് സമീപമുള്ള നിരവധി കടകളും മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടും കത്തിച്ചു.
ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടേയും ക്ഷാമത്തിന്റെ പേരില്‍ ആരംഭിച്ച പ്രതിഷേധം കുടുംബവാഴ്ചക്കെതിരായ രോഷമായി മാറിയതിനു പിന്നാലെ തിങ്കളാഴ്ച രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒരു നാവിക താവളത്തിലേക്ക് രക്ഷപ്പെട്ടിരിക്കയാണ്.  
തിങ്കളാഴ്ച മുതല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മുന്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതോടെയാണ് കലാപമായി മാറിയത്.
അതിനിടെ, സൈന്യത്തിന് അധികാരം പിടിക്കാന്‍ വേണ്ടിയായിരുന്നു അക്രമങ്ങളെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തെരുവുകളില്‍ കവചിത വാഹനങ്ങളുമായി വന്‍തോതിലുള്ള സൈനിക സാന്നിധ്യം അട്ടിമറി സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
എന്നാല്‍ അധികാരം പിടിക്കാനില്ലെന്ന് സൈന്യം വ്യക്തമാക്കിയതിനു പുറമെ, പട്ടാള അട്ടിമറി സാധ്യത പ്രതിരോധ മന്ത്രാലയവും തള്ളി.
രാജ്യത്ത് അപകടകരമായ സാഹചര്യം ഉണ്ടാകുമ്പോള്‍ അത് നേരിടാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്ന് പ്രതിരോധ സെക്രട്ടറി കമല്‍ ഗുണരത്‌നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരിക്കലും കരുതരുത്. സൈന്യത്തിന് അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ കൊളംബോയുടെ വടക്ക് ഭാഗത്താണ് ഒറ്റരാത്രികൊണ്ട് ഏറ്റവും വലിയ പ്രശ്‌നമുണ്ടായത്. ഇവിടെ നെഗോംബോ പട്ടണത്തിലെ നിരവധി കടകള്‍ക്കാണ് തീയിട്ടത്.
തിങ്കളാഴ്ച രാത്രി, ജനക്കൂട്ടം രാഷ്ട്രീയക്കാരുടെ 50ലധികം വീടുകള്‍ കത്തിച്ചിരുന്നു. രജപക്‌സെ കുടുംബത്തിനായി സമര്‍പ്പിച്ച വിവാദ മ്യൂസിയവും ഹംബന്തോട്ടയില്‍ നശിപ്പിച്ചു.

 

 

Latest News