പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വി.പി.ആര്‍ അന്തരിച്ചു

കൊച്ചി- പ്രസ് അക്കാദമി ചെയര്‍മാനായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വി.പി.ആര്‍ എന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ (വി.പി. രാമചന്ദ്രന്‍) അന്തരിച്ചു. 98 വയസ്സായിരുന്നു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടിലായിരുന്നു അന്ത്യം.  
തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂര്‍ ശേഖരന്‍ നായരുടെയും വെട്ടത്ത് രുക്മിണിയമ്മയുടെയും മകനായി 1924 ഏപ്രില്‍ 21ന് തൃശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. പഠനശേഷം മിലിട്ടറി അക്കൗണ്ട്‌സില്‍ ക്ലര്‍ക്കായി ചേര്‍ന്നു. തുടര്‍ന്ന് ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പൂനെ ഓഫിസില്‍ ടൈപിസ്റ്റായി നിയമനം ലഭിച്ചു. പിന്നീട് മുംബൈയിലെ ഹെഡ്ഓഫിസില്‍ ടെലിപ്രിന്റര്‍ ഓപറേറ്ററായി. . എ.പി.ഐയുടെ സ്ഥാനത്ത് പി.ടി.ഐ രൂപവത്കരിക്കപ്പെട്ടപ്പോഴാണ് പത്രപ്രവര്‍ത്തകനായത്.
ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു.  ഇന്ത്യ-ചൈന യുദ്ധം പട്ടാള യൂണിഫോമില്‍ യുദ്ധമുന്നണിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
1979ല്‍ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്‍ അന്തരിച്ചപ്പോള്‍ മാതൃഭൂമിയുടെ പത്രാധിപരായി. 1984ല്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. 1989ല്‍ പ്രസ് അക്കാദമിയുടെ കോഴ്‌സ് ഡയറക്ടറായി ചേര്‍ന്ന് അദ്ദേഹം മൂന്ന് വര്‍ഷത്തിനുശേഷം അക്കാദമി ചെയര്‍മാനായി. ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ. മരുമകന്‍: ചന്ദ്രശേഖരന്‍.

 

Latest News