Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

താജ്മഹല്‍ പണിയാന്‍ ഷാജഹാന്‍ ഹിന്ദുകൊട്ടാരം പിടിച്ചെടുത്തെന്ന് ബി.ജെ.പി എം.പി

ജയ്പൂര്‍-ആഗ്രയില്‍ താജ്മഹല്‍ പണിത ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതാണെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്ത കൊട്ടാരം അവിടെയുണ്ടായിരുന്നുവെന്നും അവകാശപ്പെട്ട് ബി.ജെ.പി എം.പി ദിയാ കുമാരി.
ഞങ്ങളുടെ കൈവശമുള്ള രേഖകള്‍ പ്രകാരം ആ സ്വത്ത് ഒരു കൊട്ടാരമായിരുന്നു. ഷാജഹാന്റെ ഭരണകാലത്താണ് ഇത് പിടിച്ചെടുത്തത്. ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതായിരുന്നു. അത് ഞങ്ങളുടേതായിരുന്നുവെന്നതിനുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ട്- ദിയാ കുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂമിയും കൊട്ടാരവും ഷാജഹാന് ഇഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അത് സ്വന്തമാക്കിയത്. നഷ്ടപരിഹാരം നല്‍കിയതായി പറയുന്നുണ്ട്. കോടതി നിര്‍ദ്ദേശിച്ചാല്‍ രേഖകള്‍ നല്‍കുമെന്നും രാജ്‌സമന്ദില്‍നിന്നുള്ള ലോക്‌സഭാംഗമായ അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിന്റെ ശവകുടീരമായി നിര്‍മ്മിച്ചതാണ് താജ്മഹല്‍. മാര്‍ബിള്‍ സ്മാരകം പൂര്‍ത്തിയാക്കാന്‍ 22 വര്‍ഷമെടുത്തിരുന്നു. 1982 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ടു.
താജ്മഹലിലെ അടച്ചിട്ട 22 മുറികളെ കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ ഈ മാസം ആദ്യം ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.  ഇവിടെ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നാണ് ഹരജിയില്‍ അവകാശപ്പെടുന്നത്.
വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ.്‌ഐ) റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

 

Latest News