Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ പള്ളിയില്‍ കാവി പതാക ഉയര്‍ത്തി

ബെലഗാവി- കര്‍ണാടകയില്‍ പള്ളിയില്‍ കാവി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ബെലഗാവി ജില്ലയിലെ ഗ്രാമത്തിലാണ് പള്ളിയില്‍  അജ്ഞാതര്‍
ഇന്നലെ പുലര്‍ച്ചെ കാവി പതാക ഉയര്‍ത്തിയത്. അക്രമികള്‍ മസ്ജിദ് ടവറില്‍ കയറിയാണ്  പതാക ഉയര്‍ത്തിയതെന്നും  പുലര്‍ച്ചെ സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും പോലീസ് പറഞ്ഞു.
ബെലഗാവി ജില്ലയിലെ മുദലഗി താലൂക്കില്‍ സത്തിഗേരി മദ്ദി പള്ളിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പോലീസ് ഹിന്ദു-മുസ്്‌ലിം നേതാക്കളുടെ യോഗം വിളിച്ച ശേഷം കാവി പതാക നീക്കം ചെയ്തു.
പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം  സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മസ്ജിദുകളിലെ ഉച്ചഭാഷിണിക്കെതിരെ ഹൈന്ദവ സംഘടനകള്‍ ആരംഭിച്ച സമരം ഉയര്‍ത്തിയ പ്രകോപനത്തിനു പിന്നാലെയാ് പുതിയ സംഭവം. ഇത് സംസ്ഥാനമൊട്ടാകെ പരിഭ്രാന്തി പരത്തുകയും ആശങ്ക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഉച്ചഭാഷണി വിഷയത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുമെന്നും അവ നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നാണ്് ഹിന്ദു സംഘടനകളുടെ ആവശ്യം.  

 

Latest News