മൊഴികളില്‍ പൊരുത്തക്കേട്; കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ നല്‍കിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ചില മൊഴികളില്‍ പൊരുത്തക്കേടുള്ളതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അടക്കമുളളവരുടെ അനുമതിയോടെയാകും അടുത്ത ഘട്ടം ചോദ്യം ചെയ്യല്‍.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായതിന്റെ കാരണങ്ങള്‍ സംബന്ധിച്ചാണ് ക്രൈം ബ്രാഞ്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ക്കപ്പുറം ദിലീപും ആക്രമിക്കപ്പെട്ട നടിയും നാദിര്‍ഷയും ചേര്‍ന്നു നടത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളെക്കുറിച്ചും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ശബ്ദരേഖകളും പള്‍സര്‍ സുനിയുടെയും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗറിന്റെയും മൊഴികളുമാണ് കാവ്യക്ക് തിരിച്ചടിയായത്. കേസില്‍ ഇതുവരെ സാക്ഷിയായ കാവ്യ പ്രതിയാക്കപ്പെടുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

 

 

 

Latest News