ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി അറാംകോ

റിയാദ് - ലോകത്ത് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അറാംകോ മാറി. അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ മറികടന്നാണ് ലോകത്ത് ഏറ്റവും വലിയ കമ്പനിയായി സൗദി അറാംകോ മാറിയത്. സൗദി അറാംകോ ഓഹരി വില കഴിഞ്ഞ ദിവസം 46.20 റിയാലായി ഉയര്‍ന്നിരുന്നു.  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ ഡോളറായി (9.24 ട്രില്യണ്‍ റിയാല്‍) ഉയര്‍ന്നിട്ടുണ്ട്. ആപ്പിള്‍ കമ്പനിയുടെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്.
ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതാണ് സൗദി അറാംകോക്ക് ഗുണകരമായത്. കൊറോണ മഹാമാരിക്കൊപ്പം ഓഹരി വിലകള്‍ വലിയ തോതില്‍ ഉയര്‍ന്ന ആപ്പിള്‍ അടക്കമുള്ള അമേരിക്കന്‍ സാങ്കേതിക കമ്പനികളെ അമേരിക്കന്‍ ഓഹരി വിപണിയിലെ തിരുത്തല്‍ നടപടികള്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനി മൈക്രോസോഫ്റ്റ് ആണ്. അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 1.979 ട്രില്യണ്‍ ഡോളറാണ്.

 

Latest News