Sorry, you need to enable JavaScript to visit this website.
Wednesday , July   06, 2022
Wednesday , July   06, 2022

ശ്രീലങ്കയില്‍ പോലീസുകാരടക്കം എട്ടു പേര്‍ കൊലപ്പെട്ടു, നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു

കൊളംബോ- കലാപം രൂക്ഷമായ ശ്രീലങ്കയില്‍ അക്രമത്തിലും കൊള്ളയിലും ഏര്‍പ്പെടുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ പ്രതിരോധ മന്ത്രാലയം സൈന്യത്തോട് ഉത്തരവിട്ടു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്കു പിന്നാലെ തിങ്കളാഴ്ച പ്രതിഷേധക്കാര്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ വീടുകള്‍ പരക്കെ ആക്രമിച്ചിരുന്നു. കര്‍ഫ്യൂ ലംഘിച്ച് ധാരാളം പേര്‍ തെരുവിലറങ്ങി പൊതുമുതല്‍ നശിപ്പിക്കാനും കൊള്ളയടിക്കാനും തുടങ്ങിയതോടെയാണ് അക്രമികളെ
കണ്ടാല്‍ വെടിവെക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടത്.
തലസ്ഥാനമായ കൊളംബോയിലും അക്രമം അരങ്ങേറിയ മറ്റു സ്ഥലങ്ങളിലും  പതിനായിരക്കണക്കിന് കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും 65 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 41  വീടുകള്‍ കത്തിനശിച്ചു. 88 കാറുകളും ബസുകളും നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളും നശിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നതിനിടെയാണ് അക്രമം വ്യാപകമായത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് ഒരു മാസമായി തുടരുന്ന സമാധാനപരമായ പ്രതിഷേധത്തെ  തിങ്കളാഴ്ച സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതാണ് കലാപമായി മാറിയത്.  തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ 219 പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് തലസ്ഥാനത്തെ പ്രധാന ആശുപത്രി അറിയിച്ചു. മറ്റിടങ്ങളിലെ അക്രമങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരായ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്  ജനക്കൂട്ടം ഇന്നലെ കൊളംബോയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം കത്തിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചെങ്കിലും  ജനരോഷം ശമിപ്പിക്കാന്‍ സഹായകമായിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ ഗോട്ടബയ പ്രസിഡന്റായി വിപുലമായ അധികാരത്തോടെ തുടരുന്നതാണ് ജനങ്ങള്‍ പിന്‍വാങ്ങാതിരിക്കാന്‍ കാരണം. രോഷാകുലരായ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മഹിന്ദയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സൈന്യം ഇടപെടേണ്ടി വന്നു. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനു പുറമെ, ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.  
കുറഞ്ഞത് 10 പെട്രോള്‍ ബോംബുകളെങ്കിലും പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന കോമ്പൗണ്ടിലേക്ക് എറിഞ്ഞിരുന്നുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അടിയന്തരാവസ്ഥയും കര്‍ഫ്യൂവും വകവെക്കാതെ കൂടുതല്‍ ആളുകള്‍ രംഗത്തിറങ്ങുന്നതാണ് ഇന്നലെ കണ്ടത്.  പ്രസിഡന്റ് രാജിവെക്കുന്നതുവരെ പിരിഞ്ഞു പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 1948 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജപക്‌സെ വംശത്തിന്റെ അധികാരം കുലുങ്ങിയത്. സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തിറങ്ങിയതാണ് ആഴ്ചകളായി സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ചതും വഴിത്തിരിവായി മാറിയതും.
തിങ്കളാഴ്ചത്തെ അക്രമത്തെക്കുറിച്ച് വെവ്വേറെ അന്വേഷണം ആരംഭിച്ചതായി പോലീസും പ്രാദേശിക മനുഷ്യാവകാശ കമ്മീഷനും അറിയിച്ചു.
അക്രമത്തിന് പ്രേരിപ്പിച്ചതിന് ഉത്തരവാദികളായവരെ അവരുടെ രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മേധാവി ചന്ദന വിക്രമരത്‌നെ ഉത്തരവിട്ടു.  
അതിനിടെ ശ്രീലങ്കയില്‍ വര്‍ധിച്ചുവരുന്ന അക്രമത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. കൂടുതല്‍ അസ്വസ്ഥതകള്‍ തടയാന്‍ സത്വര നടപടികള്‍ കൈക്കൊള്ളാന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷ്‌ലെറ്റ് ആവശ്യപ്പെട്ടു.
ശ്രീലങ്കയില്‍ ഐക്യ സര്‍ക്കാരിന് വഴിയൊരുക്കാനാണ് താന്‍ രാജിവെക്കുന്നതെന്ന് 76 കാരനായ മഹിന്ദ രാജപക്‌സെ വ്യക്തമാക്കിയിരുന്നു.  
എന്നാല്‍ ഗോട്ടബയ രാജപക്‌സെ  പ്രസിഡന്റായി തുടരുന്നതിനാല്‍ പ്രതിപക്ഷം ഏതെങ്കിലും ഭരണത്തില്‍ ചേരുമോ എന്ന് വ്യക്തമല്ല.
പുതിയ ഏകീകൃത ഗവണ്‍മെന്റ് വന്നാലും മന്ത്രിമാരെയും ജഡ്ജിമാരെയും നിയമിക്കാനും പുറത്താക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാരുമായുള്ള ഐക്യ ചര്‍ച്ചകള്‍  അവസാനിപ്പിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.

 

Latest News