ട്രെയിന്‍ കയറുന്നതിനിടെ പാളത്തില്‍ വീണ പെണ്‍കുട്ടിക്ക് കാലുകള്‍ നഷ്ടമായി

നെയ്യാറ്റിന്‍കര- ട്രെയിനില്‍ കയറുന്നതിനിടെ കാലുതെറ്റി പാളത്തില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാലും വലതുകാലിലെ പാദവും മുറിച്ചുമാറ്റി.
തൃശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ രാധിക(17)യാണ് അപകടത്തില്‍പ്പെട്ടത്.  മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളും.
പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി തൃശൂരിലേക്കു പോകാനായി ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനില്‍ക്കേയാണ് രാധിക കാലു തെറ്റി  ട്രാക്കിലേക്കു വീണത്.
ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി. രാധികയുടെ കാല്‍ തീവണ്ടിയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാല്‍ ചക്രത്തിനിടയിലായതു കാരണം ട്രെയിന്‍ പതുക്കെ മുന്നോട്ടെടുത്ത ശേഷമാണ് പെണ്‍കുട്ടിയെ പുറത്തെടുക്കാനായത്.
ശസ്ത്രക്രിയ കഴിഞ്ഞ രാധിക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓര്‍ത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.

 

 

Latest News