ഷിംല- മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പണ്ഡിറ്റ് സുഖ് റാം (94) അന്തരിച്ചു. ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുഖ്റാമിന്റെ കൊച്ചുമകനും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവുമായ ആശ്രയ് ശര്‍മയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്.
ഈ മാസം നാലിന് മൊഹാലിയില്‍വെച്ച് സുഖ്റാമിന് മസ്തിഷാകാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഖ്റാമിനെ ശനിയാഴ്ചയാണ് വിമാന മാര്‍ഗം വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ എത്തിച്ചത്.
ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമായിരുന്ന സുഖ്റാം, 1993 മുതല്‍ 1996 വരെ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിരുന്നു. 1984 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിലും മന്ത്രിയായി.
മൂന്നു തവണ ലോക്സഭയിലേക്കും അഞ്ച് തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചു. 1963 മുതല്‍ 1984 വരെ മാണ്ഡിയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. ഹിമാചലില്‍ മൃഗക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ ജര്‍മനിയില്‍നിന്ന് പശുക്കളെ വാങ്ങി സംസ്ഥാനത്ത് വിതരണം ചെയ്തത് ശ്രദ്ധ നേടിയിരുന്നു.
2011ല്‍ കേന്ദ്രമന്ത്രിയായിരിക്കെ അഴിമതി കേസില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചിരുന്നു.






