വിമാനത്തിലിരുന്ന യാത്രക്കാരുടെ ഫോണുകളിലേക്ക് അപകടദൃശ്യങ്ങള്‍; ടേക്ക് ഓഫ് നിര്‍ത്തി

തെല്‍അവീവ്- പറന്നുയരാന്‍ ഒരുങ്ങിയ വിമാനത്തിലെ  യാത്രക്കാരുടെ ഫോണുകളിലേക്ക് വിമാന അപകട ദൃശ്യങ്ങള്‍. ഇസ്രായേലിലെ പ്രധാന വിമനത്താവളമായ ബെന്‍ഗൂറിയന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഇതേ തുടര്‍ന്ന് തുര്‍ക്കി വിമാനമായ അനഡോലുജെറ്റിന്റെ ക്യാപ്റ്റന്‍ ടേക്ക് ഓഫ് നിര്‍ത്തിവെച്ചു.
ഫോട്ടോകള്‍ അയച്ചതിനു പിന്നില്‍ ഇസ്രായേലി യുവാക്കളാണെന്ന്  തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരെ ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാരെയും ജീവനക്കാരെയും ഇറക്കി ലഗേജുകള്‍ വീണ്ടും പരിശോധിച്ച ശേഷം
അഞ്ച് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

160 യാത്രക്കാരുമായി അനഡോലുജെറ്റ് ബോയിംഗ് 737 വിമാനം ടേക്ക് ഓഫിനായി നീങ്ങുന്നതിനിടയിലാണ് ഫോട്ടോകള്‍ ലഭിച്ചതായി യാത്രക്കാര്‍ വിമാന ജീവനക്കാരെ അറിയിച്ചത്. ക്യാപ്റ്റനെ വിവരമറിയിക്കുകയും ടെര്‍മിനലിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.  
ഒരു ആപ്പിള്‍ ഡിവൈസില്‍നിന്ന് മറ്റൊന്നിലേക്ക് ചെറിയ ദൂരങ്ങളില്‍ ഫയലുകള്‍ അയക്കാന്‍ സാധിക്കുന്ന സേവനമായ ആപ്പിള്‍ എയര്‍ഡ്രോപ് വഴിയാണ് ചിത്രങ്ങള്‍ പങ്കിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ ചിത്രങ്ങളും ഐഫോണുകളിലാണ് ലഭിച്ചത്.  
2009ല്‍ നെതര്‍ലാന്‍ഡില്‍ തകര്‍ന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെയും 2013ല്‍ യു.എസില്‍ നടന്ന മറ്റൊരു വിമാനാപകടത്തിന്റെയും ചിത്രങ്ങളാണ് അയച്ചിരുന്നത്.
ഇസ്താംബൂളിലേക്ക് പോകുന്ന വിമാനം വീണ്ടും പരിശോധിച്ച ശേഷം  കയറുകയോ ഇസ്രായേലില്‍ തങ്ങുകയോ ചെയ്യാമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചത്.
രണ്ടാഴ്ച മുമ്പ് ബെന്‍ഗൂറിയന്‍ വിമാനത്താവളത്തില്‍  സുരക്ഷാഭീഷണി ഉയര്‍ന്നിരുന്നു. യു.എസില്‍നിന്നുള്ള  ഒരു കുടുംബം ചെക്ക്ഇന്‍ സമയത്ത് വെടിയുണ്ട പുറത്തെടുത്തതായിരുന്നു സംഭവം. യാത്രക്കാര്‍ പരക്കം പാഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് മുകളില്‍ വീണ ഒരാള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു.

 

Latest News