അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പിന്നോക്ക വോട്ടുകൾ സമാഹരിക്കുന്നതിനാണ് ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്നോക്ക സമുദായത്തിൽ നിന്നുള്ളയാളെ, പ്രത്യേകിച്ച് പിന്നോക്ക വനിതയെ സ്ഥാനാർത്ഥിയാക്കിക്കൊണ്ട് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതിന് സാധിച്ചില്ലെങ്കിൽ മുന്നോക്ക സമുദായത്തിൽനിന്നായാൽ പോലും ഒരു വനിതയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് കാണുന്നത്. പ്രതിപക്ഷത്ത് രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ പാർട്ടിയുടെയും താൽപര്യങ്ങൾ വ്യത്യസ്തമാണ്.
ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് രാജ്യം കടക്കാൻ പോകുകയാണ്. നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 25 നാണ് അവസാനിക്കുന്നത്. ജൂൺ അവസാനവും ജൂലൈ ആദ്യവുമായി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ നടക്കും.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഭരണമുന്നണിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിലും തുടർഭരണം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി വളരെ ജാഗ്രതയോടെയാണ് ബി.ജെ.പി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്. സഖ്യ കക്ഷികളെ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തുന്നതോടൊപ്പം തന്നെ സഖ്യത്തിന് പുറത്തുള്ള പാർട്ടികളുടെ പിന്തുണ കൂടി നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഒരു മുഴം മുൻകൂട്ടി തന്നെ ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന നീക്കുപോക്കുകൾ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും നിർണായകമാണെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. പ്രതിപക്ഷവും വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ഒരു ഡ്രസ് റിഹേഴ്സലായാണ് അവരും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ ഐക്യത്തിനായി പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടികൾ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതായത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളുടെ നിലപാട് പോലും ഭരണ മുന്നണിക്കും പ്രതിപക്ഷത്തിനുമെല്ലാം നിർണായകമാണെന്നർത്ഥം. ഇപ്പോൾ രൂപീകരിക്കപ്പെടുന്ന കൂട്ടുകെട്ടുകൾ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ നീളാനുള്ള സാധ്യത വളരെയേറെയാണ്.
രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 51.1 ശതമാനം വോട്ടാണ് ആവശ്യം. ബി.ജെ.പിയും സഖ്യകക്ഷികളും ഉൾപ്പെട്ട എൻ.ഡി.എക്ക് 48.9 ശതമാനം വോട്ടാണ് കൈവശമുള്ളത്. സഖ്യത്തിന് പുറത്തുള്ള ഏതെങ്കിലും കക്ഷികളുടെ പിന്തുണ കിട്ടിയില്ലെങ്കിൽ ഭരണ മുന്നണിയുടെ സ്ഥാനാർത്ഥിക്ക് പോലും ജയിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വോട്ടു കണക്കിൽ പറഞ്ഞാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിന്റെ ആകെ വോട്ട് മൂല്യം 10,98,903 ആണ്. ഇതിൽ എൻ.ഡി.എക്ക് 5.42 ലക്ഷവും പ്രതിപക്ഷത്തിന് 4.49 ലക്ഷവും വോട്ട് മൂല്യമുണ്ട്. ജയിക്കാൻ വേണ്ടത് 5,49,452 വോട്ട് മൂല്യമാണ്. എൻ.ഡി.എയെ അനുകൂലിക്കുമെന്ന് കരുതുന്ന ബി.ജെ.ഡിക്കും വൈ.എസ്.ആർ കോൺഗ്രസിനും 75,528 വോട്ടിന്റെ മൂല്യമുണ്ട്. വിജയത്തിനായി ചെറിയ വോട്ട് മൂല്യത്തിന്റെ കുറവാണുള്ളതെങ്കിലും ഇതിൽ ഏതെങ്കിലും ഒരു കക്ഷിയുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ എൻ.ഡി.എ നിർത്തുന്ന സ്ഥാനാർത്ഥിക്ക് വിജയിക്കാനാകുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ രണ്ടു പാർട്ടികളേയും സ്വാധീനിക്കുന്നതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും ചേർന്നാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ മുന്നണിയിലുള്ള ഘടക കക്ഷികളിൽ ചിലത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ കൈവിടാനുള്ള സാധ്യതയും ബി.ജെ.പി നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. വളരെ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേതൃത്വം നേരിടുന്നത്.
മറുഭാഗത്ത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസമാണ് പ്രകടമാകുന്നത്. കോൺഗ്രസ് ഇതര സ്ഥാനാർത്ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്ന് ഭരണമുന്നണിയിൽ നിന്ന് ചില കക്ഷികളുടെ പിന്തുണ നേടാനാകുമോയെന്നാണ് നോക്കുന്നത്. സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പിന് മുന്നോടിയായി ശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം കോൺഗ്രസ് ദുർബലമായതിനെ തുടർന്ന് കോൺഗ്രസിനെ മുൻനിർത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ അർത്ഥമില്ലെന്ന് മറ്റു പ്രതിപക്ഷ കക്ഷികൾക്ക് ബോധ്യം വന്നിട്ടുണ്ട്. മാത്രമല്ല, പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നടന്നേക്കുമെന്ന ആശങ്ക മറ്റു പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തന്നെ ഇതിനെ മുളയിലേ നുള്ളുകയെന്ന തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതര സ്ഥാനാർത്ഥിയെ പ്രതിപക്ഷം മുന്നോട്ട് വെച്ചാൽ അതിനെ പിന്തുണക്കാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. 2017 ൽ കോൺഗ്രസ് നിയോഗിച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയെ തങ്ങൾ പിന്തുണച്ചിരുന്നുവെന്നും ഇത്തവണ തങ്ങൾ നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്നും തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ട്.
പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാകുമോയെന്നതാണ് ഉയർന്നു വരുന്ന ഏറ്റവും വലിയ ആശങ്ക. മോഹന വാഗ്ദാനങ്ങൾ പലതും നൽകി പ്രതിപക്ഷത്ത് നിന്ന് ചിലരെയെങ്കിലും അടർത്തിയെടുക്കാനുള്ള തീവ്ര ശ്രമങ്ങൾ ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ട്. അതിൽ ചിലരെങ്കിലും വീണു പോയേക്കാമെന്ന ആശങ്കയും പ്രധാന പ്രതിപക്ഷ കക്ഷികളിലുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ തീർത്തും ദുർബലമാക്കും.
രാഷ്ട്രപതി സ്ഥാനാർത്ഥികൾ ആരാണെന്നതിനെ സംബന്ധിച്ച് ഭരണ മുന്നണിയിലും പ്രതിപക്ഷ നിരയിലും തീരുമാനമൊന്നുമായിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ വളരെ തന്ത്രപരമായ സമീപനമാണ് ബി.ജെ.പിയുടേത്. പട്ടിജാതി - പട്ടികവർഗ സമുദായത്തിൽ നിന്നുള്ളവരെയോ അതല്ലെങ്കിൽ വനിതകളെയോ സ്ഥാനാർത്ഥികളായി കൊണ്ടുവന്ന് ഒരു സ്വീകാര്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. പട്ടികജാതി-പട്ടിക വർഗക്കാരെ കൊണ്ടുവരാനായാൽ പിന്നോക്ക പാർട്ടികളുടെ വലിയ പിന്തുണ ലഭിക്കുമെന്നും പ്രതിപക്ഷത്തുള്ള ദളിത്-പിന്നോക്ക പാർട്ടികൾ വലിയ തോതിൽ സമ്മർദത്തിലാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. മാത്രമല്ല, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇതിലൂടെ വലിയ തോതിൽ മുതലെടുപ്പ് നടത്താനും കഴിയും. സവർണ പാർട്ടിയാണ് ബി.ജെ.പി എന്ന പേരുദോഷം മാറ്റിയെടുത്തുകൊണ്ട് പൊതുതെരഞ്ഞെടുപ്പിനെ നേരിടാനും അവർക്ക് സാധിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പിന്നോക്ക വോട്ടുകൾ സമാഹരിക്കുന്നതിനാണ് ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്നോക്ക സമുദായത്തിൽ നിന്നുള്ളയാളെ, പ്രത്യേകിച്ച് പിന്നോക്ക വനിതയെ സ്ഥാനാർത്ഥിയാക്കിക്കൊണ്ട് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതിന് സാധിച്ചില്ലെങ്കിൽ മുന്നോക്ക സമുദായത്തിൽ നിന്നായാൽ പോലും ഒരു വനിതയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
പ്രതിപക്ഷത്ത് രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ പാർട്ടിയുടെയും താൽപര്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിനപ്പുറത്ത് പൊതുസമ്മതനായ ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലേക്കായിരിക്കും പ്രതിപക്ഷം നീങ്ങുക.






