Sorry, you need to enable JavaScript to visit this website.

ശിക്ഷ കൂടിയിട്ടും കുറയാത്ത  പോക്‌സോ കേസുകൾ

വിദ്യാലയങ്ങളിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്നത് ആശങ്കയോടെ തന്നെ വേണം കാണാൻ. അധ്യാപകർ തന്നെ കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. സുരക്ഷിതമെന്ന് കരുതുന്ന വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കളിൽ ഭയപ്പാടുകൾ വളർത്തുന്ന സംഭവങ്ങളാണ് പലപ്പോഴും പുറത്തു വരുന്നത്.
നിയമം കർശമനായിട്ടും ശിക്ഷ കടുപ്പിച്ചിട്ടും പോക്‌സോ കേസുകളിൽ കുറവു വരാത്തത് സമൂഹത്തിന് മുന്നിൽ ചോദ്യ ചിഹ്‌നമായി നിൽക്കുകയാണ്. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കോടതികൾ കടുത്ത ശിക്ഷ നൽകുന്നത്. എന്നാൽ കടുത്ത ശിക്ഷകളും സമൂഹത്തിന് നല്ല സന്ദേശമായി മാറുന്നില്ല.


സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് പോക്‌സോ കേസുകൾ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ നിയമത്തിന്റെ ഉരുക്കുമുഷ്ടിയെയും ഭയപ്പെടാതെ മുന്നേറുകയാണ്. പോലീസും കോടതികളും ഇത്തരം അക്രമങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ട്. എന്നിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ലെന്നത് സമൂഹത്തിൽ കുറ്റവാസന എത്രത്തോളം ആഴത്തിൽ പടർന്നു കിടക്കുന്നുവെന്നാണ് തെളിയിക്കുന്നത്.
മലബാർ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പോക്‌സോ കേസുകളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവമധികം പോക്‌സോ കുറ്റകൃത്യങ്ങളുണ്ടാകുന്നത് തിരുവനന്തപുരം ജില്ലയിലും മലപ്പുറം ജില്ലയിലുമാണ്. ഇതര മലബാർ ജില്ലകളിൽ കേസുകളുടെ എണ്ണം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ വർഷം തോറും ഇത്തരം കേസുകളിൽ കുറവു വരുന്നില്ലെന്നത് ആശങ്കയുയർത്തുന്നു.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്രതിവർഷം രണ്ടായിരത്തോളം കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നത്. ഓരോ വർഷം ചെല്ലുന്തോറും കേസുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
പോക്‌സോ നിയമം നിലവിൽ വന്നതിന് ശേഷം അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പ്രതികളുടെ എണ്ണം ആയിരക്കണക്കിന് വരും. ജീവപര്യന്തം തടവു വരെ ലഭിച്ചവർ ഇക്കൂട്ടത്തിലുണ്ട്. പോലീസ് നടപടി ശക്തമാക്കിയിട്ടും കോടതികൾ കടുത്ത ശിക്ഷ വിധിച്ചിട്ടും കുറ്റകൃത്യങ്ങൾ നാട്ടിൽ ആവർത്തിക്കപ്പെടുകയാണ്. ഒരിക്കൽ പോക്‌സോ കേസിൽ അറസ്റ്റിലായി തടവുശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പോക്‌സോ കേസുകളിൽ അറസ്റ്റിലാകുന്ന സംഭവങ്ങളും ആവർത്തിക്കുന്നു.
മലബാർ ജില്ലകളിൽ പോക്‌സോ കേസുകളിൽ മുന്നിൽ നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. ജനസംഖ്യ കൂടുതലുള്ള ജില്ല എന്ന നിലയിലാണ് മലപ്പുറത്ത് കേസുകളും വർധിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കണക്കുകളനുസരിച്ച് ജില്ലയിൽ ഇത്തരം കേസുകൾ ഏറിയും കുറഞ്ഞുമിരിക്കുകയാണ്. അഞ്ചു വർഷം മുമ്പ് 244 പോക്‌സോ കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2017 ൽ 219, 2018 ൽ 410, 2019 ൽ 444, 2020 ൽ 379, 2021 ൽ 457 എന്നിങ്ങനെയാണ് ജില്ലയിലെ കേസുകളുടെ എണ്ണം. പാലക്കാട് ജില്ലയിൽ 123, 197, 198, 254, 247, 251 എന്നിങ്ങനെയാണ് 2016 മുതൽ 2021 വരെയുള്ള കേസുകളുടെ എണ്ണം. കോഴിക്കോട് ജില്ലയിൽ 170, 274, 276, 334, 262, 294 എന്നിങ്ങനെയും കണ്ണൂരിൽ 143, 142, 245, 158, 220, 190 എന്നിങ്ങനെയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കേസുകളുടെ എണ്ണം താരതമ്യേന കുറവുള്ളത് വയനാട്, കാസർകോട് ജില്ലകളിലാണ്. വയനാട്ടിൽ 93, 128, 129, 137, 147, 150 എന്നിങ്ങനെയും കാസർകോട്ട് 103, 134, 135, 148, 163, 128 എന്നിങ്ങനെയും കേസുകൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടികളും ആൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളാകുന്നുവെന്നാണ് കേസുകളിൽ നിന്ന് തെളിയുന്നത്. വിദ്യാലയങ്ങളിലും വീടുകളിലും ഇത്തരം അതിക്രമങ്ങൾ നടക്കുന്നു. വിദ്യാലയങ്ങൾ കോവിഡ് മൂലം അടഞ്ഞു കിടന്ന രണ്ടു വർഷങ്ങളിൽ കേസുകളിൽ കുറവുണ്ടായിട്ടില്ലെന്നത് വീടുകളും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വേദികളാകുന്നുവെന്നാണ് കാണിക്കുന്നത്. അയൽവാസികളും അടുത്ത ബന്ധുക്കളുമാണ് ഇത്തരം കേസുകളിലെ പ്രതികളിലേറെയും. സ്വന്തം വീടുപോലും കുട്ടികൾക്ക് സുരക്ഷിത കേന്ദ്രങ്ങളല്ലെന്നത് ആശങ്കയുയർത്തുന്നതാണ്. ജോലിക്കാരായ മാതാപിതാക്കൾ വീട്ടിൽ നിന്ന് പോകുമ്പോൾ ഒറ്റക്കാകുന്ന കൂട്ടികളാണ് ഇത്തരം കേസുകളിലെ പ്രധാന ഇര. മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർധിക്കാൻ ഇടയാക്കുന്നു. ആൺകുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.
ചൈൽഡ് ലൈനിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും ഈ ഏജൻസികളുടെ പങ്ക് ഏറെ വലുതാണ്.
വിദ്യാലയങ്ങളിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്നത് ആശങ്കയോടെ തന്നെ വേണം കാണാൻ. അധ്യാപകർ തന്നെ കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. സുരക്ഷിതമെന്ന് കരുതുന്ന വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കളിൽ ഭയപ്പാടുകൾ വളർത്തുന്ന സംഭവങ്ങളാണ് പലപ്പോഴും പുറത്തു വരുന്നത്.
നിയമം കർശനമായിട്ടും ശിക്ഷ കടുപ്പിച്ചിട്ടും പോക്‌സോ കേസുകളിൽ കുറവു വരാത്തത് സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്‌നമായി നിൽക്കുകയാണ്. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കോടതികൾ കടുത്ത ശിക്ഷ നൽകുന്നത്. എന്നാൽ കടുത്ത ശിക്ഷകളും സമൂഹത്തിന് നല്ല സന്ദേശമായി മാറുന്നില്ല.
പോക്‌സോ കേസുകളിൽ പലതും കെട്ടിച്ചമച്ചതാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് പോലും ലൈംഗിക അതിക്രമമായി ചിത്രീകരിക്കുന്ന കേസുകളും വർധിക്കുന്നുണ്ട്. കുട്ടികൾ നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കുകയെന്നത് പലപ്പോഴും കേസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.
കുട്ടികളോടുള്ള സുരക്ഷയുടെ കാര്യത്തിൽ സമൂഹത്തിന്റെ സമീപനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ലൈംഗികാവശ്യത്തിനുള്ള ഇരകളായി കുട്ടികളെ കാണുന്നത് മാനസിക വൈകല്യത്തിന്റെയും സാമൂഹികമായ ഉത്തരവാദിത്തമില്ലായ്മയുടെയും ലക്ഷണമാണ്. ശക്തമായ ബോധവൽക്കരണത്തിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കഴിയണം.


 

Latest News