Sorry, you need to enable JavaScript to visit this website.

കൊങ്കൺ റെയിൽവേയെന്ന വിസ്മയം

കൊങ്കൺ റെയിൽവേയിലെ  ട്രെയിൻ ഗതാഗതം സിൽവർ ജൂബിലി തിളക്കത്തിലാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയാണ് മനോഹരമായ  കൊങ്കൺ പ്രദേശം. 
പശ്ചിമഘട്ടവും തീരപ്രദേശവും ഇഴുകി സ്ഥിതി ചെയ്യുന്ന ഇതിലൂടെയുള്ള റെയിൽ പാതയാണ് കൊങ്കൺ റെയിൽ പാത. മഹാരാഷ്ട്രയിലെ റോഹയെയും കർണാടകത്തിലെ മംഗലാപുരത്തെയും (മംഗളൂരു) തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയാണ് കൊങ്കൺ റെയിൽവേ. കേരളം, മംഗലാപുരം, ഗോവ എന്നിവിടങ്ങളിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഈ പാത സഹായിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യൻ റെയിൽവേ യാഥാർഥ്യമാക്കിയ വിസ്മയ പദ്ധതിയാണിത്. അതിന് നേതൃത്വം കൊടുത്തത് മലയാളിയായ മെട്രോ മാൻ ഇ.  ശ്രീധരനും.   
ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുന്ന വേളയിൽ തന്നെ പടിഞ്ഞാറെ തീരത്തെ സംസ്ഥാനങ്ങളെ വാണിജ്യ തലസ്ഥാനമായ മുംബൈയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽ പാതയെ കുറിച്ച് ആലോചനയുണ്ടായിരുന്നു. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമാണച്ചുമതല. മലയാളിയായ ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ. 
1990 സെപ്റ്റംബർ 15 ന് റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. നവി മുംബൈയിലെ ബേലാപുർ ഭവനാണ് കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം. കേരളത്തിൽ നിന്നുള്ള രാജധാനി, തുരന്തോ, നേത്രാവതി, മംഗള ലക്ഷദ്വീപ്, സമ്പർക്ക ക്രാന്തി, മരുസാഗർ തുടങ്ങിയ പ്രധാന ട്രെയിനുകൾ ഈ പാത വഴി ഓടുന്നവയാണ്.
മലകൾ തുരന്ന് നീണ്ട തുരങ്കങ്ങൾ പണിതും കിലോ മീറ്ററിലേറെ ദൈർഘ്യമുള്ള പാലം പണിതുമാണ് അസാധ്യമെന്ന്് കരുതിയ കൊങ്കൺ പാത പണിതത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കൺ പാതയിലുണ്ട്. കൊങ്കൺ റെയിൽ പാതയിലെ 6.5 കിലോമീറ്റർ നീളമുള്ള കർബുദ് തുരങ്കമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം. കൊങ്കൺ പാതയിൽ യാത്ര ചെയ്യുന്നവർക്ക് ഏതാണ്ട് മുംബൈ എത്തുന്നത് വരെ മനോഹരമായ ദൃശ്യവിരുന്നാണ് ജനലിനപ്പുറത്ത്. 
കേരളത്തിന്റെ വിഹിതം ആറു ശതമാനം മാത്രമാണ്. ദീർഘദൂര ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തുന്ന കൊങ്കൺ പാതയുടെ ഏറ്റവും പ്രധാന ഗുണഭോക്താവ് കേരളമാണെന്ന് നിസ്സംശയം പറയാം. രണ്ടും മൂന്നും ദിവസമെടുത്തിരുന്ന മുംബൈ യാത്രക്ക് ഇപ്പോൾ 24 മണിക്കൂറിൽ താഴെ മതി. ദൽഹി, ജമ്മു, ജയ്പുർ, അഹമ്മദാബാദ്, ചണ്ഡീഗഢ് എന്നീ നഗരങ്ങളും കേരളവുമായി കൂടുതൽ അടുത്തു. 
കൊങ്കൺ റെയിൽവേ പണിതത് ബ്രോഡ് ഗേജിലായതിനാലാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുമായി കണക്റ്റ് ചെയ്യാനായത്. ഇപ്പോൾ കേരളം ആലോചിക്കുന്ന സെമി ഹൈ സ്പീഡ് റെയിൽ പാത പണിയാൻ പോകുന്നത് സ്റ്റാൻഡേർഡ് ഗേജിലാണ്. അതായത് രണ്ടു ലക്ഷം കോടി ചെലവ് വരുന്ന ഇത് യാഥാർഥ്യമായാൽ കേരളത്തിനകത്തെ യാത്രക്ക് മാത്രമേ ഉപകരിക്കൂ. കൊങ്കൺ പാതയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്തുമെത്താം. എല്ലായിടത്തും ഇതേ വീതിയിലെ പാതയാണ് നിലവിലുള്ളത്. ബുദ്ധിയും കാര്യശേഷിയുമുള്ളവർ വൻകിട പദ്ധതി ആസൂത്രണം ചെയ്തതിന്റെ ഗുണം. 
1997 മുതൽ കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങി. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26 നാണ്. യാത്രാദൈർഘ്യം പകുതിയോളം കുറഞ്ഞതാണ് കൊങ്കൺ റെയിൽവേയിലൂടെയുണ്ടായ പ്രധാന നേട്ടം. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. പ്രകൃതിരമണീയമായ ഭാഗങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ഗോവയിലെ ടൂറിസം വ്യവസായത്തിനും ഇത് വളരെ സഹായകമായി. 60 സ്‌റ്റേഷനുകളാണ് കൊങ്കൺ റെയിൽ പാതയിലുള്ളത്. വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന ഗോവയിലെ പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനുകളായ മഡ്ഗാവ്, മലയാളികൾ  സന്ദർശിക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് അടുത്തുള്ള ബൈന്ദൂർ മൂകാംബിക റോഡ് റെയിൽവേ സ്‌റ്റേഷൻ എന്നിവ ഈ പാതയിലാണ്.  മണിപ്പാൽ, ഉഡുപ്പി, ദാവൺഗെരെ, രത്‌നഗിരി തുടങ്ങിയ പ്രധാന നഗരങ്ങളും ഈ പാതയിലാണ്. 

Latest News