ദേശീയ പാതകളില്‍ നാളെ മുതല്‍ ടോള്‍ നിരക്കുകളില്‍ വര്‍ധന

ന്യൂദല്‍ഹി- ദേശീയ പാതകളില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പരിഷ്‌ക്കരിച്ച ടോള്‍ നിരക്കുകളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെയാണ് വര്‍ധന. രാജ്യത്തുടനീളം ദേശീയ പാതകളില്‍ 372 ടോള്‍ പ്ലാസകളാണ് നിലവിലുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് എല്ലാ തവണയും ടോള്‍ നിരക്കുകള്‍ പുതുക്കി വരുന്നത്. മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുക. എല്ലാ ടോള്‍ പ്ലാസകളിലും ഒരേ നിരക്കാവില്ല. പ്രദേശങ്ങള്‍ക്കനുസരിച്ച് നിരക്കുകളിലും വ്യത്യാസമുണ്ടാകും.

പുതിയ നിരക്കുകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. എല്ലാ വാഹനങ്ങളുടെ നിരക്കിലും മാറ്റമുണ്ട്. കൂടാതെ പ്രതിമാസ പാസുകളുടെ (50 ട്രിപ്പുകള്‍) നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ടോള്‍ നിരക്ക് വര്‍ധന ചരക്കു നീക്ക ചെലവ് വര്‍ധിക്കാനിടവരുന്നതോടെ അവശ്യസാധനങ്ങളുടെ വിലയിലും നേരിയ വര്‍ധനയുണ്ടാകും.


 

Latest News