ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യ;  മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ആലപ്പുഴ- പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28) മക്കളായ ടിപ്പു സുല്‍ത്താന്‍ (5 ) മലാല ( ഒന്നര ) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജില ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ഉപദ്രവം തുടര്‍ന്നെന്നാണ് വിവരം.കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇടയ്ക്ക് അവധിയെടുത്ത് ഗള്‍ഫില്‍ പോയ റനീസ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ചനിലയില്‍ കണ്ടെത്തിയത്.
 

Latest News