പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം

ന്യൂദല്‍ഹി- പഞ്ചാബ് പോലീസിന്റെ മൊഹാലിയിലെ ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം. തിങ്കളാഴ്ച രാത്രിയാണ് ഓഫീസിന്റെ മൂന്നാം നിലയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ജനല്‍ച്ചില്ലുകള്‍ തകരുകയും സാധനസാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ഉപയോഗിച്ചാണ് കെട്ടിടത്തിനു നേരേ സ്‌ഫോടനം നടത്തിയതെന്നാണ് മൊഹാലി പോലീസ് സൂപ്രണ്ട് ഹര്‍വിന്ദര്‍ സന്ധു വ്യക്തമാക്കുന്നത്. സംഭവം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കും. .
സ്‌ഫോടനം നടന്ന ഉടന്‍ തന്നെ പോലീസ് ഓഫീസ് പരിസരം വളഞ്ഞിരുന്നു. സീനിയര്‍ പോലീസ് സൂപ്രണ്ട് സ്ഥലത്തെത്തുകയും സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.രണ്ട് പ്രതികള്‍ കാറിലെത്തി ഇന്റലിജന്‍സ് ഓഫീസ് കെട്ടിടത്തിന് 80 മീറ്റര്‍ അകലെ നിന്നുകൊണ്ട് ആര്‍പിജി വഴി സ്‌ഫോടക വസ്തു വിക്ഷേപിക്കുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
മിസൈലുകള്‍ തോളില്‍ തൊടുത്തു വിട്ട് വിക്ഷേപിക്കുന്ന ആയുധമാണ് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്. ആര്‍പിജികളും ഒരു വ്യക്തിക്ക് തനിയെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. അവ പലപ്പോഴും ടാങ്കുകളെ തകര്‍ക്കുവാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്.
റോക്കറ്റ് ലോഞ്ചര്‍ ഡ്രോണ്‍ വഴി എത്തിക്കാനാണ് സാധ്യതയെന്ന് ഔദയോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാക്കിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കുന്നതിന് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.കഴിഞ്ഞ ദിവസം തരമണ്‍ ജില്ലയില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എത്തിയ രണ്ടുപേരെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്‌ഫോടനം നടക്കുന്നത്‌
 

Latest News