Sorry, you need to enable JavaScript to visit this website.

ഷഹീന്‍ബാഗില്‍ പകപോക്കല്‍ രാഷ്ട്രീയം, ബി.ജെ.പിയുടെ ലക്ഷ്യം വോട്ട്

ന്യൂദല്‍ഹി- ഒരു മാസം നീണ്ട സി.എ.എ വിരുദ്ധ പ്രതിഷേധത്തിലൂടെ പേരുകേട്ട ഷഹീന്‍ ബാഗില്‍ ബുള്‍ഡോസര്‍ എത്തിച്ച് ബി.ജെ.പി ലക്ഷ്യമിടുന്നത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്. പ്രതിഷേധത്തിനൊടുവില്‍ ബുള്‍ഡോസറുകള്‍ മടങ്ങിയെങ്കിലും രാഷ്ട്രീയ മുതലെടുപ്പ് ആരംഭിച്ചു.  
തിങ്കളാഴ്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നേരിട്ടത്.
പ്രാദേശിക എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാനും കോണ്‍ഗ്രസ് നേതാക്കളും കോര്‍പറേഷന്‍ നടപടിക്കെതിര ശക്തമായി പ്രതിഷേധിച്ചു.  
നിരവധി കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍കുമാര്‍ കല്‍ക്കാജി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചതിനു ശേഷം വൈകിയാണ്  എംഎല്‍എ സ്ഥലത്തെത്തിയതെന്നും അദ്ദേഹം അധികൃതരുമായി സംസാരിക്കേണ്ടിയിരുന്നുവെന്നും പോലീസ് കസ്റ്റഡിയിലെടുത്ത ദല്‍ഹി കോണ്‍ഗ്രസ് മാധ്യമ വിഭാഗം വൈസ് ചെയര്‍മാന്‍ പര്‍വേസ് ആലം ഖാന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയും എ.എ.പിയും ഒത്തുകളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി ബി.ജെ.പി നേതാവ് ആദേശ് ഗുപ്തയാണ് ഉത്തരവുകളിടുന്നതെന്നും  മേയര്‍ കഴിവില്ലാത്തവനാണെന്നാണോ ഇതിനര്‍ഥമെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
താന്‍ നേരിട്ട് പ്രദേശം മുഴുവന്‍ പരിശോധിക്കുകയും ട്രാഫിക് പോലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുണ്ടെന്നും എസ്ഡിഎംസിയുടെ പൊളിക്കല്‍ നീക്കത്തെ അപലപിച്ചുകൊണ്ട് അമാനത്തുല്ലാ ഖാന്‍ പറഞ്ഞു.
ഒരു പള്ളിക്ക് പുറത്ത് അനധികൃതമായി നിര്‍മ്മിച്ച ടോയ്‌ലറ്റ് തന്റെ സ്വന്തം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ടെന്നും ഇത്  പകപോക്കല്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കയ്യേറ്റം എവിടെയാണെന്ന് പറഞ്ഞാല്‍ ഇവിടത്തെ എം.എല്‍.എ ആയ താന്‍ തന്നെ അത് നീക്കം ചെയ്യുമെന്നും എ.എ.പി നേതാവ് പറഞ്ഞു.

 

Latest News