റിയാദ്- പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയില്‍ റിയാദിലും ജിദ്ദയിലും രണ്ടു എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു. സൗദിയില്‍ ടൂറിസം മേഖലക്ക് പിന്തുണ നല്‍കാന്‍ മറ്റു പ്രാദേശിക വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. റിയാദില്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വ്യോമയാന മേഖലയുടെ സംഭാവന 2,100 കോടി റിയാലാണ്. 2030 ഓടെ ഇത് 7,500 കോടി ഡോളറിലേറെയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ വ്യോമയാന മേഖലയില്‍ 11 ലക്ഷം പ്രത്യക്ഷ തൊഴിവലസരങ്ങളും 20 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.






