ന്യൂദല്‍ഹി- നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബത്തോടും മോശമായി പെരുമാറിയെന്ന രീതിയിലുളള പരാതികള്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. 1992-ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധകളുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുമെന്നാണ് ഇന്ത്യയും പാക്കിസ്ഥാനും വ്യക്തമാക്കിയത്. നയതന്ത്ര ബന്ധം തടസ്സമില്ലാതെ സൂക്ഷിക്കുക, ശാരീരികമോയോ വാക്കാലോ തര്‍ക്കങ്ങളില്ലാതിരിക്കുക, ഫോണ്‍ ബന്ധം വേര്‍പ്പെടുത്തുന്ന നീക്കങ്ങളില്ലാതിരിക്കുക തുടങ്ങിയവയാണ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകള്‍.
ഫെബ്രുവരി 15-ന് രാത്രി ഇസ്ലാമാബാദിലെ ഡിപ്ലോമാറ്റിക് കോണ്‍ക്ലേവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭവമ സമുച്ചയത്തില്‍ പാക്കിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ റെയഡ് നടത്തിയതിനെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടക്കമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇവിടെ നിര്‍മ്മാണ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ചിലര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നതാണ് എന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. ഇവിടേക്കുള്ള വൈദ്യുതി, വെള്ള വിതരണവും പാക് അധികൃതര്‍ തടസ്സപ്പെടുത്തി.
ഈ സംഭവമാണ ഇന്ത്യയെ ചൊടിപ്പിച്ചത്. ഈ പ്രശനം ഇന്ത്യ പാക് വിദേശകാര്യ മന്ത്രാലയത്തെ നേരിട്ട് അറിയിക്കുകയായിരുന്നു. എന്നാല്‍ പാക് പ്രതികരണം തൃപതികരമാകാത്തതാണ് പ്രശനം രൂക്ഷമാക്കിയത്. തൊട്ടുപിറകെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാനും രംഗത്തെത്തി. ഇത്തരത്തിലുളള 26 സംഭവങ്ങളുണ്ടായതായും പാകിസ്ഥാന്‍ ആരോപിച്ചു. പിന്നാലെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ വിഷയം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തിരിച്ചു വിളിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ഇതിനിടെ മൂന്നാഴ്ചയോളം ഇരു രാജ്യങ്ങളും പരസ്പരം തങ്ങളുടെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്ന പരാതികളും തര്‍ക്കങ്ങളും തുടര്‍ന്നു.






