മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല, യുവതി ജീവനൊടുക്കി

ബംഗളൂരു- പണമില്ലാത്തത് മൂലം മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ജീവനൊടുക്കിയത്. സാരി ഉപയോഗിച്ച് വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കര്‍ഷകനായ ശ്രീകാന്താണ് തേജസ്വിനിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന്‍ ധനുഷും. കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നതും ഇവരെ കടക്കെണിയിലാക്കി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ വന്നത് ഏറെ നിരാശയിലാക്കിയെന്ന് പോലീസ് പറയുന്നു.

കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ ദു:ഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ അജയ്കുമാര്‍ പറഞ്ഞു.

 

Latest News