റിസോര്‍ട്ട് ജീവനക്കാരിയെ സംഘം ചേര്‍ന്നു  പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ കൂടി റിമാന്റില്‍

റിസോര്‍ട്ടില്‍ ജീവനക്കാരിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ റിമാന്റിലായ  ഡിലായ ലെനിന്‍, മുഹമ്മദ് ആഷിഖ്, റയീസ് എന്നിവര്‍.

ബത്തേരി- അമ്പലവയല്‍ നെല്ലാറച്ചാല്‍ പള്ളവയലില്‍ സമീപകാലത്തു പ്രവര്‍ത്തനം തുടങ്ങിയ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിനിയായ ജീവനക്കാരിയെ സംഘംചേര്‍ന്നു പീഡിപ്പിക്കുകയും എട്ടു മൊബൈല്‍ ഫോണുകളും കംപ്യൂട്ടര്‍ മോണിറ്ററും  അര ലക്ഷം രൂപയും കവരുകയും ചെയ്ത കേസില്‍ മൂന്നു പേര്‍ കൂടി റിമാന്‍ഡില്‍. ഉള്ളൂര്‍ കുന്നത്തറ പടിക്കല്‍ വീട്ടില്‍ ലെനിന്‍(35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പില്‍ മുഹമ്മദ് ആഷിഖ്(30), വലിയാണ്ടി വളപ്പില്‍ റയീസ് (31) എന്നിവരെയാണ്  ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ്  ചെയ്തത്. ബത്തേരി ഡിവൈ.എസ.്പി കെ.കെ.അബ്ദുല്‍ ഷെരീഫും സംഘവും തൊട്ടില്‍പാലം മരുതോങ്കരയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇര തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിസോര്‍ട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. 
സംഭവവുമായി ബന്ധപ്പെട്ടു റിസോര്‍ട്ട്  നടത്തിപ്പുകാരായ നാലു പേരടക്കം ആറു പേര്‍ നേരത്തേ പിടിയിലായിരുന്നു. ജീവനക്കാരിയെ കടത്തിക്കൊണ്ടുവന്നു പെണ്‍വാണിഭത്തിനു ഉപയോഗപ്പെടുത്തിയതിനാണ് റിസോട്ട് നടത്തിപ്പുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ 20നു നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറു പ്രതികള്‍  കൂടി പിടിയിലാകാനുണ്ടെന്നു ഡിവൈ.എസ്.പി പറഞ്ഞു.

 


 

Latest News