വിദേശ വനിതകളെ ഉപദ്രവിച്ച 13 കുട്ടികള്‍ അറസ്റ്റില്‍

കയ്‌റോ- ഈജിപ്തിലെ ഗിസ പിരമിഡ് സന്ദര്‍ശിക്കാനത്തെയ രണ്ട് വനിതാ വിദേശ വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തിയ 13 കൗമാരക്കാരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍  പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു.
പുരാവസ്തു സ്ഥലത്ത് യുവതികളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ രോഷത്തിനു കാരണമായിരുന്നു.  
13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സംഭവത്തില്‍ പ്രതികളെന്ന് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിനോദസഞ്ചാരികളോടൊപ്പം ഫോട്ടോയെടുക്കാന്‍ മാത്രമാണ് തങ്ങള്‍ ശ്രമിച്ചതെന്നും ഉപദ്രവിച്ചിട്ടില്ലെന്നും കൗമാരക്കാര്‍ അവകാശപ്പെട്ടു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആണ്‍കുട്ടികളെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിനോദ സഞ്ചാരികളെ ശാരീരികമായി ഉപ്രദവിക്കുന്നത് പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡാണ് പരാതി നല്‍കിയത്. വിനോദ സഞ്ചാരികളായ സ്ത്രീകള്‍ പരാതി നല്‍കിയിട്ടില്ല.  
35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ഈജിപ്ഷ്യന്‍ ആണ്‍കുട്ടികള്‍ വിദേശികളുടെ പിന്നാലെ ഓടുന്നു എന്ന് ഗൈഡ് പറയുന്നതു കേള്‍ക്കാം. ടൂറിസം മന്ത്രി ഇത് അറിയണമെന്നും അദ്ദേഹം പറയുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ചുറ്റും തടിച്ചുകൂടിയ ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് കാണാം. സ്ത്രീകളിലൊരാള്‍ ആണ്‍കുട്ടിയെ തള്ളിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ പിന്നില്‍ നിന്ന് അവളെ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം.

 

Latest News