അന്ന വിചാരം മുന്ന വിചാരം, പിന്നെ വിചാരം കാര്യ വിചാരം


നിലവിലുള്ള രോഗങ്ങൾ പോലും നിയന്ത്രിക്കാനുള്ള ആരോഗ്യ സംവിധാനം നിലവിലില്ലാത്ത നാടാണ് കേരളം. അത്തരമൊരവസ്ഥയിൽ പുതിയ രോഗങ്ങൾ കൂടി കടന്നു വന്നാലുള്ള സ്ഥിതി  ഭീകരമായിരിക്കും. വൃത്തിബോധവും നല്ലതു കഴിക്കണം, നല്ലതു വിളമ്പണം എന്ന ചിന്തയും അധികമായി വളർന്നു വരേണ്ടതുണ്ട്.  

 

അന്ന വിചാരം മുന്ന വിചാരം പിന്നെ വിചാരം കാര്യ വിചാരം  വടക്കുംകൂർ രാജരാജ വർമ രാജയുടെ  ശൈലീ പ്രദീപം (1967) എന്ന  ഗ്രന്ഥത്തിലെ ഈ വരികൾ  പൂർവകാല മലയാളി സമൂഹം ഭക്ഷണത്തിന് നൽകിയ പ്രാധാന്യം അടയാളപ്പെടുത്തുന്നു.   നൂറ്റാണ്ടുകളായി നില നിൽക്കുന്ന ശൈലികൾ ഓരോ ജനതയുടെയും സംസ്‌കാരവുമായും ജീവിതവുമായും ഗാഢ ബന്ധം പുലത്തുന്നവയായിരിക്കും.  ആഹാരത്തിന്റെ കാര്യം മുഖ്യം,  അതിനെപ്പറ്റി ആദ്യം വിചാരിക്കുക, മറ്റ് കാര്യവിചാരങ്ങളൊക്കെ അതു കഴിഞ്ഞ് മതി  എന്നാണ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള  കേരളത്തിലെ മനുഷ്യരും ചിന്തിച്ചിരുന്നത്. അതു കാരണം ഭക്ഷണത്തിൽ മായം, അല്ലെങ്കിൽ വൃത്തിയില്ലായ്മ എന്നത് നല്ല കാലത്തെ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല.  ഭക്ഷണത്തെ എത്ര മാത്രം ബഹുമാനത്തോടെയാണ് വിവിധ സമൂഹങ്ങൾ സമീപിക്കുന്നതെന്ന് വിവിധ നാടുകളുടെ സംസ്‌കാരം ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. പ്രമുഖ സാഹിത്യകാരനായ പി.എ. മുഹമ്മദ് കോയ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു തന്ന  ഭാഷാ വിചാരത്തിൽ അന്ന വിചാരത്തിന്റെ മഹത്തായ പാഠവുമുണ്ടായിരുന്നു. അതിങ്ങനെയായിരുന്നു- ഒരു ബ്രാഹ്മണൻ (പട്ടർ)  ഉച്ചയൂണ് കഴിച്ചാൽ ഉണ്ടു എന്ന് എഴുതണം  എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ സമൂഹം ഭക്ഷണത്തെ ഏത് വിധം  ബഹുമാനത്തോടെ സമീപിക്കുന്നു എന്ന് 'ഉണ്ടു' എന്ന ഒറ്റ പ്രയോഗത്തിലുണ്ട്. ഒരു ഇസ്‌ലാമിക മതാത്മക വ്യക്തിത്വം ഉച്ചയൂണ് കഴിച്ചാൽ 'ഒജീനിച്ചു ' എന്ന് പറയലാണ് ഭംഗി എന്നദ്ദേഹം ഭാഷാ പാഠം തന്നു. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് പ്രാർഥനയോടെ  ഭക്ഷണം കഴിക്കുന്ന വിശ്വാസിയായ മനുഷ്യനും മന്ത്രജപങ്ങളോടെ  ഭക്ഷണ തളികക്ക് മുന്നിലിരിക്കുന്ന നല്ലവനായ മനുഷ്യനും ഇവിടെ തെളിഞ്ഞു വരുന്നു. 


കാസർകോട്ടെ ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് വിഷബാധയുണ്ടായി ദേവനന്ദ എന്ന പെൺകുട്ടി മരിച്ചതോടെയാണ് കേരളത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയും കോലാഹലങ്ങളും വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ചെറുവത്തൂരിൽ  നിന്ന് ലഭിച്ച  ഭക്ഷ്യ സാമ്പിളുകളിൽ ഷിഗെല്ലക്ക് പുറമെ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ കേരളമാകെ ഇപ്പോൾ ഹോട്ടൽ പരിശോധനകളുടെ ബഹളമാണ്.  ഇതുപോല 2012 ജൂലൈയിൽ  തിരുവനന്തപുരം വഴുതക്കാട്ട് കണ്ണായ സ്ഥലത്തുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങിക്കഴിച്ച സച്ചിൻ എന്നൊരു ചെറുപ്പക്കാരൻ മരിച്ചിരുന്നു. ബഹളമൊക്കെ അവസാനിച്ചപ്പോൾ ആ കേസിന്റെ കാര്യം പോലും ആളുകൾ മറന്നതായി സച്ചിന്റെ പിതാവ് റോയ് മാത്യു ഇപ്പോൾ പറയുന്നു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുകയാണെന്നാണ് രക്ഷിതാക്കൾക്ക് കിട്ടിയ മറുപടി. പരിശോധനയും ബഹളവുമൊക്കെ കാണെ കാണെ  അവസാനിക്കും എന്നതിന്റെ നേർസാക്ഷ്യമാണിത്.  ഉയർന്ന തരത്തിലുള്ള ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കുക മാത്രമാണ് ഏക വഴി. ഭക്ഷ്യ സുരക്ഷയെന്നാൽ  കഴിക്കാൻ കിട്ടുന്ന ഭക്ഷ്യ വസ്തുവിന്റെ ഗുണ നിലവാരം കൂടിയാണെന്ന് ബോധ്യം വരേണ്ടതുണ്ട്.  അക്കാര്യം ഉറപ്പ് വരുത്താൻ ഭക്ഷണം വിൽക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയുമെല്ലാം മനോഭാവം മാറേണ്ടിയിരിക്കുന്നു. അന്നമാണ് കൊടുക്കുന്നത് എന്ന ബോധമില്ലാത്ത ആളുകളെയും വെച്ചുകൊണ്ട് ഭക്ഷ്യ ഗുണ നിലവാരം ഉറപ്പ് വരുത്തൽ സാധ്യമേയല്ല. ഉഡായിപ്പുകൾ മാറ്റിവെച്ച്  ശാശ്വത പരിഹാരം തേടേണ്ടത് ഭരണ സംവിധാനമാണ്.  


വൃത്തിയിൽ കേരളം ഏറ്റവും മോശം സംസ്ഥാനമാണെന്നാണ് ഏറ്റവും പുതിയ കാണക്കുകളും പറയുന്നത്. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ആദ്യ 25 ൽ പോലും കേരളം എത്തിയിട്ടില്ല. തുടർച്ചയായ നാലാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേ പ്രകാരം കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പിറകിലാണ്. സൂറത്തും നവി മുംബൈയുമാണ്  വൃത്തിയുടെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചത്.  2017, 2018, 2019  വർഷങ്ങളിലാണ് ഇൻഡോർ ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്. 
എന്തൊക്കെയായിരിക്കാം അവർ നടപ്പാക്കിയ കാര്യങ്ങൾ എന്നറിയുന്നത് നന്നായിരിക്കും. കേരളത്തിലെ ഏത് നഗരത്തേക്കാളും ജനസാന്ദ്രതയുള്ളതാണ് ഇൻഡോർ.  കേരളത്തിലെ മുഖ്യ നഗരങ്ങളെങ്കിലും സ്വന്തമായി മുൻകൈയെടുത്ത് ഇൻഡോറിന്റെ ഇൻഡോർ കാര്യങ്ങൾ അറിഞ്ഞു വരുന്നത് നന്നായിരിക്കും. പഠിച്ചു വന്ന് അത് നടപ്പാക്കാനുള്ള ആത്മാർഥതയും കാണിക്കേണ്ടതുണ്ട്.  ഹോട്ടൽ, ഫാസ്റ്റ് ഫുഡ്, തട്ടുകട ഇവയിലൊക്കെ ഇൻഡോർ രീതി എന്തായിരിക്കും. 


നിലവിലുള്ള രോഗങ്ങൾ പോലും നിയന്ത്രിക്കാനുള്ള ആരോഗ്യ സംവിധാനം നിലവിലില്ലാത്ത നാടാണ് കേരളം. അത്തരമൊരവസ്ഥയിൽ പുതിയ രോഗങ്ങൾ കൂടി കടന്നു വന്നാലുള്ള സ്ഥിതി  ഭീകരമായിരിക്കും. വൃത്തി ബോധവും, നല്ലതു കഴിക്കണം, നല്ലതു വിളമ്പണം എന്ന ചിന്തയും അധികം അധികമായി വളർന്നു വരേണ്ടതുണ്ട്.  കോവിഡ് തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള ഒരു കല്യാണ സദ്യയിൽ ആളുകളുടെ പതിവ് രീതിയനുരിച്ച്  കൈ കഴുകാതെ വന്ന്  മുന്നിൽ വെച്ച കുടിവെള്ളം തൊട്ട് നനച്ച്  ഇല വൃത്തിയാക്കുന്നത് കണ്ടപ്പോൾ ഒരാൾ ക്ഷുഭിതാനായത് ഓർക്കുന്നു. അയാളായിരുന്നു ശരി. കോവിഡ് പാഠത്തിന് ശേഷം ഇനിയാരും അങ്ങനെ കൈ കഴുകാതെ ഇല കഴുകി ഭക്ഷണ ധിറുതി കാണിക്കില്ല. അതെ,  പത്ത്  കൊല്ലം മുമ്പ് മരിച്ച തിരുവനന്തപുരത്തെ സച്ചിൻ നമുക്ക് പാഠമായില്ല, ഒടുവിൽ  ചെറുവത്തൂരിലെ ദേവനന്ദയെങ്കിലും പാഠമാകുമോ?   

Latest News