Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സ്വർണ വിപണിയിൽ ചാഞ്ചാട്ടം, റബർ ഷീറ്റുകൾക്ക് ക്ഷാമം

റബർ ഉൽപാദന രംഗം ഉണർന്നങ്കിലും വിപണികളിലെ ഷീറ്റ് ക്ഷാമം വിട്ടുമാറിയില്ല. കുരുമുളക് വില കയറി ഇറങ്ങി. ആഭ്യന്തര ആവശ്യക്കാരുടെ അഭാവം ചുക്കിനെ തളർത്തി. നാളികേരോൽപന്നങ്ങളുടെ വില മൂന്നാം വാരത്തിലും സ്റ്റഡി. സ്വർണ മാർക്കറ്റിലെ ചാഞ്ചാട്ടം തുടരുന്നു.
കാലാവസ്ഥ വ്യതിയാനത്തിനിടയിൽ ഒരു വിഭാഗം കർഷകർ റബർ വെട്ടിന് ഉത്സാഹം കാണിച്ചിട്ടും കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമം തുടരുന്നു. കാർഷിക മേഖല പുതിയ ഷീറ്റ് ഉണക്കി സംസ്‌കരിക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ സ്റ്റോക്കിസ്റ്റുകളുടെ സാന്നിധ്യം വിപണിയിൽ കുറഞ്ഞത് വിരൽ ചുണ്ടുന്നത് റബറിന്റെ കരുതൽ ശേഖരം വ്യവസായികൾ നേരത്തെ കണക്ക് കൂട്ടിയതിലും കുറയുമെന്നാണ്.സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 17,300-17,400 രൂപ വരെ കയറിയിട്ടും വരവ് ഉയർന്നില്ല. ഇതോടെ നിരക്ക് ഉയർത്തുന്നതിൽ അർത്ഥമില്ലെന്ന നിലപാട് വില കുറച്ച് വീണ്ടും ഭീതി ജനിപ്പിക്കാൻ വ്യവസായികൾ പുതിയ തന്ത്രം  പ്രയോഗിച്ചു. 
പുതിയ ചരക്കുമായി കർഷകർ ഈ വാരം വിപണിയിൽ ഇറങ്ങുമെന്ന നിഗമനത്തിലാണ് വാങ്ങലുകാർ. നാലാം ഗ്രേഡ് റബർ വാരാന്ത്യം 17,200 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ 300 രൂപയുടെ മികവിൽ 16,500-17,000 രൂപയിൽ ക്ലോസിങ് നടന്നു.  
ഉത്തരേന്ത്യയിൽ നിന്നും കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞു. കൽക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ  കറിമസാല, മറ്റ് പൗഡർ യൂനിറ്റുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഇതിനിടയിൽ വാരമധ്യം പകൽ താപനില 46 ഡിഗ്രിയായി ഉയർന്നത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയാനും കാരണമായി. 
സുഗന്ധവ്യഞ്ജനങ്ങൾ ഡിമാന്റ് കുറഞ്ഞത് വിലയിൽ ചാഞ്ചാട്ടമുളവാക്കി. എന്നാൽ ഇത് വില തകർച്ചയ്ക്ക് ഇടയാക്കില്ലെന്നാണ് വിലയിരുത്തൽ. മെയ് മാസം എല്ലാ വർഷവും ഉത്തരേന്ത്യ കനത്ത ചൂടിന്റെ പിടിയിൽ അകപ്പടാറുണ്ട്. കൽക്കരി ക്ഷാമം വൈദ്യൂതി ഉൽപാദനത്തിൽ സൃഷ്ടിച്ച കുറവ് വ്യാവസായിക ഉൽപാദനം കുറക്കാം. 
ഇന്ത്യൻ കയറ്റുമതിക്കാർ രാജ്യാന്തര വിപണിയിൽ കുരുമുളക് വില ടണ്ണിന് 7253 ഡോളർ വരെ ഉയർത്തിയെങ്കിലും പുതിയ വിദേശ ഓർഡറുകളില്ല. വിയറ്റ്‌നാം 4240 ഡോളറിനും ഇന്തോനേഷ്യ 4105 ഡോളറിനും ബ്രസീൽ 3900 ഡോളറിനും മലേഷ്യ 5900 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 51,100 രൂപ. ഓഫ് സീസണിലും മുഖ്യ ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയർന്നതിൽ അസ്വാഭാവികതയുള്ളതായി ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ആക്ഷേപം ഉയരുന്നു. 
സീസൺ അവസാന ഘട്ടത്തിൽ തന്നെ കാർഷിക മേഖല ഈ സംശയം ഉന്നയിച്ചങ്കിലും സ്‌പൈസസ് ബോർഡ് ഇക്കാര്യത്തിൽ വ്യക്തതയ്ക്ക് തയാറായില്ല.
ഓഫ് സീസണായിട്ടും ഏപ്രിൽ മൂന്നാം വാരത്തിന് ശേഷം 900 രൂപയ്ക്ക് മുകളിലേയ്ക്ക് ശരാശരി ഇനങ്ങൾക്ക് ഉയരാനായില്ല. കഴിഞ്ഞ വാരം വില കിലോ 723 രൂപ വരെ ഇടിഞ്ഞ ശേഷം ശനിയാഴ്ച 831 രൂപയിലാണ്. ആഭ്യന്തര വിദേശ ഇടപാടുകാർ ലേലത്തിൽ സജീവമാണ്.ആഭ്യന്തര ആവശ്യക്കാരുടെ അഭാവം മൂലം ഇടത്തരം ചുക്ക് വില താഴ്ന്നു. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള വരവ് ചുരുങ്ങിയിട്ടും ഇടത്തരം ചുക്ക് 15,000 രൂപയായി താഴ്ന്നു. 
മികച്ചയിനം ചുക്ക് വില 17,500 രൂപ. നാളികേരോൽപന്നങ്ങളെ ബാധിച്ച മാന്ദ്യം തുടരുന്നു. വൻകിട മില്ലുകാർ നിരക്ക് ഉയർത്തി കൊപ്ര സംഭരിക്കാൻ താൽപര്യം കാണിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ 100 രൂപ കുറഞ്ഞ് കൊപ്ര 8700 ലും കൊച്ചിയിൽ 8800 ലുമാണ്. സ്വർണ വില പവന് 37,920 രൂപയിൽ നിന്നും 37,600 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം പവൻ പഴയ നിലവാരത്തിലേയ്ക്ക് കയറി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1882 ഡോളർ.  
 

Latest News