സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ റിസർവ് ബാങ്ക് അടിയന്തര നീക്കം നടത്തിയത് ഓഹരി സൂചികയുടെ അടിത്തറയിൽ വിള്ളലുവാക്കി. റമദാൻ പ്രമാണിച്ച് ചൊവ്വാഴ്ച ഇന്ത്യൻ വിപണി അവധിയായിരുന്നതിനാൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയിട്ടും ഇൻഡക്‌സുകൾ നാല് ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്‌സ് 2225 പോയന്റും നിഫ്റ്റി 691 പോയന്റും താഴ്ന്നു. സൂചിക അഞ്ച് മാസത്തെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തിലാണ്.
ആർ ബി ഐ അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയർത്തി 4.40 ശതമാനമാക്കി. നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന സൂചനയാണ് റിസർവ് ബാങ്കിനെ പലിശ ഉയർത്താൻ പ്രേരിപ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും പിന്നിട്ട വാരം 25 ബേസിസ് പോയിൻറ്റ് വർധിപ്പിച്ച് പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാക്കി. അവിടെ നാണയപ്പെരുപ്പം പത്ത് ശതമാനത്തിലേയ്ക്ക് ഉയർന്നു. ഇതോടെ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 76.95 ലേയ്ക്ക് ഇടിഞ്ഞു. 76.45 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപയുടെ നില പരിങ്ങലിലാണെന്ന തിരിച്ചറിവിൽ വിദേശ ഓപറേറ്റർമാർ നിക്ഷേപം തിരിച്ചു പിടിച്ചു. നിലവിൽ രൂപ 77.14 ലേയ്ക്ക് തളരാം.വിദേശ ഫണ്ടുകൾ 12,733 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 8533 കോടി രൂപയുടെ ഓഹരികൾ വാങ്ങി തകർച്ചയെ തടയാൻ ശ്രമം നടത്തി. ബി എസ് ഇ കൺസ്യൂമർ ഡ്യൂറബിൾ ഇൻഡക്‌സ്, റിയാലിറ്റി ഇൻഡക്‌സ് എന്നിവ എട്ട് ശതമാനം ഇടിഞ്ഞു. ഹെൽത്ത് കെയർ, ഓട്ടോ, ടെലികോം, മെറ്റൽ, ബാങ്കെക്‌സ്, കാപിറ്റൽ ഗുഡ്‌സ്, ഐ റ്റി, എഫ് എം സി ജി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയവയ്ക്കും വിൽപന സമ്മർദത്തിൽ കനത്ത പ്രഹരമേറ്റു.മുൻനിര ഓഹരികളായ ഐ റ്റി സി, എൻ റ്റി പി സി, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ ഓഹരികൾ കരുത്ത് നിലനിർത്തി. എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസീസ്, റ്റി സി എസ്, വിപ്രോ, സൺ ഫാർമ്മ, ഡോ. റെഡീസ്, എയർടെൽ, എച്ച് യു എൽ തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. നിഫ്റ്റി സൂചിക 17,102 ൽ നിന്നും 16,340 ലേയ്ക്ക് പതിച്ചു, ഏകദേശം 762 പോയന്റ് ഈ അവസരത്തിൽ നഷ്ടപ്പെട്ടു. വ്യാപാരാന്ത്യം തകർച്ചയിൽ നിന്നും അൽപം ഉയർന്ന് 16,411 പോയന്റിലാണ്. ഈ വാരം 16,871 ൽ ശക്തമായ പ്രതിരോധുമുള്ളതിനാൽ 16,700 റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവക്കാർ ശ്രമിക്കാം. വിദേശ ഓപറേറ്റർമാർ വിൽപന തുടർന്നാൽ 16,123 ൽ ആദ്യ താങ്ങുന്നുണ്ട്, ഇത് നഷ്ടപ്പെട്ടാൽ മാസമധ്യം നിഫ്റ്റി 15,835 റേഞ്ചിലേയ്ക്ക് തളരാം. ബോംബെ സെൻസെക്‌സ് 57,060 ൽ ഒരു വേള 54,586 ലേയ്ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 54,835 പോയന്റിലാണ്. ഈ വാരം 53,886 ലെ സപ്പോർട്ട് നിലനിർത്തി 56,484 ലേയ്ക്ക് തിരിച്ചുവരവിന് ശ്രമിക്കാം. ആ നീക്കം പരാജയപ്പെട്ടാൽ വിപണി 52,937 നെ ഉറ്റു നോക്കാം. ആഗോള ക്രൂഡ് ഓയിൽ വില 104 ഡോളറിൽ നിന്നും 110 ലേയ്ക്ക് മുന്നേറി. 113 ഡോളറിലെ പ്രതിരോധം തകർന്നാൽ എണ്ണ വില 122 ഡോളർ വരെ ഉയരാം. ആദ്യ പ്രതിരോധം എണ്ണ മറികടന്നാൽ സ്വാഭാവികമായും രൂപയുടെ മൂല്യം സർവകാല റെക്കോർഡായ 77.06 കടന്ന് 77.14 ലേയ്ക്കും തുടർന്ന് 77.36 ലേയ്ക്കും ദുർബലമായാൽ സെൻസെക്‌സും നിഫ്റ്റിയും കൂടുതൽ പരിങ്ങലിലാവും. ഇതിനിടയിൽ റിസർവ് ബാങ്ക് ഡോളർ വിറ്റ് രൂപയെ താങ്ങാൻ ഇടയുണ്ട്.