ഝാന്‍സി-റോഡുകളില്‍ മതപരമായ ഒരു പരിപാടിയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. ഇത്തരം പരിപാടികളെല്ലാം മതകേന്ദ്രങ്ങളുടെ അകത്തായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ലളിത്പൂരിലെ പോലീസ് സ്‌റ്റേഷനില്‍ അടുത്തിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിനെ കുറിച്ചും ശക്തമായി പ്രതികരിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും അദ്ദേഹം നിര്‍ദേശം നല്‍കി.
വികസനത്തിലൂടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ സേവിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല, മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരോടും ജീവനക്കാരോടും കൃത്യസമയത്ത് ഓഫീസുകളിലെത്താന്‍ യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് മാസത്തിലൊരിക്കലെങ്കിലും വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ എന്നിവരുമായി ആശയവിനിമയം നടത്തണം. ലളിത്പൂരിലെ ഫാര്‍മ പാര്‍ക്കുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന എല്ലാ ജോലികളും എത്രയും വേഗം പൂര്‍ത്തിയാക്കണം, -അദ്ദേഹം പറഞ്ഞു.
ബുന്ദേല്‍ഖണ്ഡില്‍ ജൈവ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുമ്പോള്‍ ആരോഗ്യമേളകള്‍ പതിവായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഝാന്‍സി മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരിക്കുന്ന 500 കിടക്കകളുള്ള ആശുപത്രി ബ്ലോക്കും അദ്ദേഹം സന്ദര്‍ശിച്ചു.