Sorry, you need to enable JavaScript to visit this website.

ആപ്പ്ള്‍ ഐഒഎസ് 11.3 പുതിയ അപ്‌ഡേറ്റ്; ഫീച്ചറുകള്‍ അറിയാം

കൂപര്‍ട്ടീനോ- മാസങ്ങള്‍ നീണ്ട ബീറ്റാ പരീക്ഷണത്തിനൊടുവില്‍ ആപ്പ്ള്‍ ഐഒഎസ് 11.3-ന്റെ പുതിയ അപ്‌ഡേറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഐ ഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് (സിക്‌സ്ത്ത് ജെന്‍) എന്നീ ഡിവൈസുകള്‍ക്ക് ഇതു ലഭിക്കും. ഏറ്റവും ശ്രദ്ധേയമായ ഫീച്ചര്‍ ഐഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം അറിയാനുള്ള സംവിധാനമാണ്. ബാറ്ററിയുടെ പ്രകടനം ഫോണിനെ ബാധിക്കുന്നുണ്ടോ എന്ന് ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് വഴി അറിയാം. ബാറ്ററി ഫോണിന്റെ പ്രകടന വേഗത കുറക്കുന്നുവെന്ന  വിവാദത്തെ തുടര്‍ന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്ന ഫീച്ചറാണിത്. 

ഡാറ്റ സ്വകാര്യത കൂടുതല്‍ സുരക്ഷിതമാക്കുന്ന പുതിയ അപ്‌ഡേറ്റുമുണ്ട്. ഐഫോണ്‍ ടെന്നിനു വേണ്ടി പുതുതായി നാല് ആനിമോജി കാരക്ടറുകള്‍, ബിസിനസ് ചാറ്റ് എന്ന പേരില്‍ പുതിയൊരു മെസേജിങ് ആപ്പ്, മികച്ച ഓഗ്മെന്ററ് റിയാലിറ്റി (എആര്‍) അനുഭവം നല്‍കുന്ന പരിഷ്‌ക്കരിച്ച എആര്‍ കിറ്റ് എന്നിവയാണ് പുതുമകള്‍. ബിസിനസ് ചാറ്റ് വാട്‌സാപ്പ് ബിസിനസ് എന്ന മെസേജിങ് ആപ്പിന് ഏതാണ്ടു സമാനമാണ്. 

ഐഒഎസ് സെറ്റിങ്‌സിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് സെക്ഷനില്‍ പോയാല്‍ പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണ്‍ ഫൈവ് എസിനു മുകളിലുള്ള എല്ലാ മോഡലുകളിലും ഇതു ലഭിക്കും. ഐപാഡ് എയര്‍, ഐപാഡ് എയര്‍ മിനി 2 എന്നിവയിലും ലഭിക്കും. 

Latest News