അമേരിക്കയില്‍നിന്നെത്തിയത് മരണത്തിലേക്ക്, ദമ്പതികളെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ടു

ചെന്നൈ - ചെന്നൈയില്‍ ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിട്ട പ്രതികള്‍ പിടിയില്‍. മൈലാപ്പുര്‍ വൃന്ദാവന്‍ തെരുവിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീകാന്തും അനുരാധയും ഏതാനും മാസങ്ങളായി യു.എസില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. മേയ് 7-ന് പുലര്‍ച്ചെയാണ് ഇരുവരും മടങ്ങിയെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്ന് മൈലാപ്പൂരിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ദമ്പതികളെ അടിച്ചു കൊലപ്പെടുത്തിയ കൃഷ്ണയും സഹായി രവിയും മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പണവും സ്വര്‍ണവുമായി ശ്രീകാന്തിന്റെ കാറില്‍ രക്ഷപെട്ടു.

ദമ്പതികളുടെ യു.എസില്‍ താമസിക്കുന്ന മകള്‍ സുനന്ദ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും ഇവരെ ലഭിക്കാത്തതിനേ തുടര്‍ന്ന് ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. ബന്ധുക്കള്‍ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും അവര്‍ പൂട്ട് തകര്‍ത്ത് വീട്ടില്‍ നടത്തിയ പരിശോധനയില്‍ തറയില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ ദമ്പതികളെ കൊലപ്പെടുത്തിയതായും പണവും സ്വര്‍ണവും കവര്‍ന്നതായും കൃഷ്ണ സമ്മതിച്ചു. മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ മറവുചെയ്തതായും കൃഷ്ണ പോലീസിനെ അറിയിച്ചു. ദമ്പതികളെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യത്യസ്ത മുറികളില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് ഇവരുടെ ഫാം ഹൗസില്‍ എത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴിനല്‍കി.

 

Latest News