ഇത് ഇസ്ലാമില്‍ ഏറ്റവും വലിയ കുറ്റകൃത്യം; മുസ്ലിം കുടുംബത്തെ അപലപിച്ച് ഉവൈസി

ഹൈദരാബാദ്-  ദളിത് യുവാവിനെ മുസ്ലിം ഭാര്യയുടെ കുടുംബക്കാര്‍ വകവരുത്തിയ  ദുരഭിമാനക്കൊലയെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു.  
ഈ ആഴ്ച ആദ്യമാണ് ഹൈദരാബാദിലെ സരൂര്‍നഗറില്‍  ബി നാഗരാജുവിനെ (25) ഭാര്യയുടെ സഹോദരനും കൂട്ടാളിയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ മിശ്രവിവാഹത്തെ എതിര്‍ത്താണ്  യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയതെന്ന് നാഗരാജുവിന്റെ കുടുംബം ആരോപിക്കുന്നു.
പ്രതികളെ പെട്ടെന്ന് പിടികൂടിയെന്നും എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ള പാര്‍ട്ടികള്‍ സംഭവത്തിന് വ്യത്യസ്തമായ നിറം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഹൈദരാബാദ് എം.പിയായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
നാഗരാജുവിന്റെ കൊലപാതകം ഇസ്ലാമിന് എതിരാണ്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം യുവാവിനെ വിവാഹം കഴിച്ചു. നിയമം ഇത് ശരിവെക്കുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ അവളുടെ സഹോദരന് എന്ത് അവകാശമാണ്. ഇത് ഒരു ക്രിമിനല്‍ പ്രവൃത്തിയാണ്. ഇസ്‌ലാം അനുശാസിക്കുന്നതില്‍ ഏറ്റവും മോശമായ കുറ്റകൃത്യമാണിത്. കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ഭാര്യയോടൊപ്പം മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭാര്യയുടെ സഹോദരന്‍ സയ്യിദ് മുബീന്‍ അഹമ്മദും കൂട്ടാളി മുഹമ്മദ് മസൂദ് അഹമ്മദുമാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. മര്‍ദനമേറ്റ നാഗരാജു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

 

Latest News