Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈയില്‍ രണ്ട് പള്ളികള്‍ക്കെതിരെ കേസ്, സുബ്ഹി ബാങ്കിനായി മൊബൈല്‍ ആപ് വികസിപ്പിക്കുന്നു

മുംബൈ- ശബ്ദ നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മുംബൈയില്‍ രണ്ട് പള്ളികള്‍ക്കെതിരെ കേസ്. വെസ്റ്റ് ബാന്ദ്ര നൂറാനി മസ്ജിദിലെ അന്‍വര്‍ മുഹമ്മദ് ഷബീര്‍ ഷാ (28)യുടെ പേരിലാണ് ആദ്യ എഫ്.ഐ.ആര്‍. രണ്ടാമത്തേതില്‍ വെസ്റ്റ് സാന്താക്രൂസിലെ മുസ്ലിം ഖബര്‍സ്ഥാന്‍ മസ്ജിദിലെ  മുഹമ്മദ് ശുഐബ് സത്താര്‍ ഷെയ്ഖ് (30), ആരിഫ് മുഹമ്മദ് സിദ്ദിഖി (30) എന്നിവരേയും പ്രതി ചേര്‍ത്തു.
രാത്രി പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാണ് രണ്ട് പള്ളികള്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ പറയുന്നത്.
രാത്രി 10 മണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നാണ് മാര്‍ഗനിര്‍ദേശം. ബാന്ദ്ര മസ്ജിദില്‍, മെയ് 5, മെയ് 6 തീയതികളില്‍ പുലര്‍ച്ചെ 5.15 ന് ഉച്ചഭാഷിണി ഓണ്‍ ചെയ്തിരുന്നു. സാന്താക്രൂസ് മസ്ജിദില്‍ രണ്ട് ദിവസങ്ങളില്‍ പുലര്‍ച്ചെ 5.35 നാണ് ഓണ്‍ ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
രാത്രി 10 മുതല്‍ രാവിലെ ആറു വരെ ബാങ്ക് വിളിക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കുന്നതായി ബോംബെ ജുമാ മസ്ജിദ് ട്രസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സമയ പരിധിയില്‍ വരുന്നതാണ് ഫജര്‍ നമസ്‌കാരം. ട്രസ്റ്റിനു കീഴിലുള്ള അനുബന്ധ പള്ളികളും നിര്‍ദേശം അനുസരിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.   വീടുകളില്‍ ബാങ്കിന്റെ ശബ്ദമെത്തിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കായി അദാന്‍ ആപ്പ് വികസിപ്പിച്ചെടുക്കുകയാണെന്നും ട്രസ്റ്റ് ചെയര്‍മാന്‍ ശുഐബ് ഖത്തീബ് പറഞ്ഞു.
തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ചെറുക്കാന്‍ പ്രദേശങ്ങളിലെ അമുസ്ലിംകളെ കൂടി ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്ന് അ്‌ദ്ദേഹം ആഹ്വാനം ചെയ്തു. അമുസ്ലിംകളെ പള്ളികളിലേക്ക് ക്ഷണിച്ച് ബാങ്കിലൂടെ വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്ക് വിളിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ സമുദായ നേതാക്കള്‍ മുന്നോട്ട് വരട്ടെയെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സിറ്റി പോലീസ് മേധാവി സഞ്ജയ് പാണ്ഡെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും  ക്ഷേത്ര ഭാരവാഹികളുടെ യോഗം വിളിച്ച് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച ശബ്ദ നിയന്ത്രണം പാലിക്കണമെന്നും അറിയിച്ചു.  നഗരത്തിലെ 2,404 ക്ഷേത്രങ്ങളില്‍ 12 എണ്ണം മാത്രമാണ് മേയ് 4 വരെ അനുമതി തേടിയിരുന്നത്. 1,144 മസ്ജിദുകളില്‍ 773 എണ്ണം അനുമതിക്കായി അപേക്ഷിച്ചപ്പോള്‍ 739 എണ്ണത്തിന് അനുമതി ലഭിച്ചുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എന്‍.എസ് മേധാവി രാജ് താക്കറെ ഉയര്‍ത്തിയ വിവാദത്തിനു പിന്നാലെയാണ് പോലീസ് നടപടി. മെയ് മൂന്നിനകം സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഹിന്ദുക്കള്‍ പള്ളികള്‍ക്ക് പുറത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്ന് രാജ്താക്കറെ അന്ത്യശാസനം നല്‍കിയിരുന്നു. നഗരത്തിലെ 1,141 പള്ളികളില്‍ 135 എണ്ണത്തില്‍  മാത്രമാണ് ബുധനാഴ്ച ഉച്ചഭാഷിണിയില്‍ സുബ്ഹി ബാങ്ക് വിളിച്ചതെന്ന് മഹരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പലയിടത്തും എംഎന്‍എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതടക്കം പോലീസ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു.

 

Latest News