വാരാണസി- വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ കോടതി നിര്‍ദേശപ്രകാരം സര്‍വേ നടത്തുന്ന കമ്മീഷണര്‍ പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തെ മാറ്റണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്.
കോടതി നിയോഗിച്ച കമ്മീഷണര്‍ പക്ഷപാതപരമായി പെരുമാറുന്നതിനാലാണ് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട അപേക്ഷ നല്‍കിയതെന്നും കോടതി ഉത്തരവുകള്‍ പാലിക്കുമെന്നും മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ റയീദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്ര പരിസരത്തും ജ്ഞാന്‍വാപി മസ്ജിദിനു സമീപത്തുമുള്ള ശൃംഗാര്‍ ഗൗരി ഉള്‍പ്പെടെയുള്ള വിവിധ വിഗ്രഹങ്ങളെ കുറിച്ചുള്ള സര്‍വേയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജ്ഞാന്‍വാപി മസ്ജിദിനു പിറകിലുള്ള ഹിന്ദു ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഉദ്യോഗസ്ഥനും അഭിഭാഷക സംഘവും പള്ളിയില്‍ പരിശോധന നടത്തിയത്. പള്ളിയിലെ സര്‍വേയും വീഡിയോഗ്രാഫിയും രണ്ട് ദിവസം തുടര്‍ന്നു.






