ഹിന്ദുത്വ ഫാസിസത്തെ കുറിച്ച് ചോദ്യം; അസി.പ്രൊഫസര്‍ക്ക് നോട്ടീസ്

ഗ്രേറ്റര്‍ നോയിഡ- ഹിന്ദുത്വ ഫാസിസത്തെ കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ അസി.പ്രൊഫസര്‍ക്ക് ശാരദ സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുസ്ലിം അധ്യാപകനാണ് ചോദ്യം തയാറാക്കിയതെന്ന് ആരോപിച്ച് ബി.ജെ.പി വിവാദം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി.
ബി.എ ഒന്നാം വര്‍ഷത്തിലെ പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്) ചോദ്യപേപ്പര്‍ തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസര്‍ വഖാസ് ഫാറൂഖ് കുട്ടായിക്കാണ് നോട്ടീസ് നല്‍കിയത്. ഇദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ ആറാമെത്ത ചോദ്യമാണ് വിവാദമായത്. ഫാസിസം/നാസിസവും ഹിന്ദു വലതുപക്ഷവും (ഹിന്ദുത്വ) തമ്മില്‍ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ? വാദങ്ങള്‍ നിരത്തി വിശദീകരിക്കുക എന്നായിരുന്നു ചോദ്യം.
ചോദ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ബി.ജെപിയുടെ വികാഷ് പ്രീതം സിന്‍ഹ ഇതൊരു മുസ്ലിം അധ്യാപകന്‍ സെറ്റ് ചെയ്തതാണെന്ന് ആരോപിച്ചു. ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ചോദ്യത്തില്‍ പക്ഷപാതം ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കാന്‍ ശാരദ സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങളുടെ മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.  ബന്ധപ്പെട്ട അധ്യാപകരെയും സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍വകലാശാല അറിയിച്ചു. മൂല്യനിര്‍ണയം നടത്തുമ്പോള്‍ ഈ ചോദ്യം അവഗണിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കണമെന്നുമുള്ള സമിതിയുടെ ശുപാര്‍ശ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.

 

Latest News