Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ:  മീൻ കഴിച്ച നാല് പേർ ആശുപത്രിയിൽ

തിരുവനന്തപുരം- മത്സ്യം കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് മത്സ്യം വാങ്ങിയത്. ഇയാളുടെ കുടുംബത്തിലെ നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയിൽ നിന്ന് വാങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മീൻകറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകൾക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. പിന്നാലെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകൾക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേർക്കും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
അതിനിടെ ഇന്നലെ വൈകുന്നേരം ബിജു മീൻ വാങ്ങിയ അതേ കടയിൽ നിന്ന് മീൻ വാങ്ങിയ മറ്റൊരാൾക്ക് ചൂര മീനിൽ നിന്ന് പുഴുവിനെ ലഭിക്കുകയായിരുന്നു. തുടർന്ന് കളക്ടറേറ്റിൽ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. ഇന്ന് ആരോഗ്യവകുപ്പിന്റെ കൂടുതൽ പരിശോധനകൾ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം. 
 

Latest News