വാരാണസി- ജ്ഞാന്‍വാപി മസ്ജിദില്‍ നടത്തുന്ന സര്‍വേ തടയണമെന്ന അപ്പീല്‍ വാരാണസി കോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്. മെയ് ആറിന് കോടതി നിയോഗിച്ച കമ്മീഷണറുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. കേസ് ഈ മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും. അതുവരെ സര്‍വേ തുടരാമെന്നും കോടതി വ്യക്തമാക്കി. മസ്ജിദില്‍ പരിശോധന നടത്തുന്നതും വീഡിയോ പകര്‍ത്തുന്നതുമാണ് മാനേജിംഗ് കമ്മിറ്റി എതിര്‍ത്തത്.
പള്ളിയുടെ പടിഞ്ഞാറന്‍ ഭിത്തിയുടെ പിറകിലുള്ള ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നീ വിഗ്രഹങ്ങളില്‍ നിത്യപൂജയും അനുഷ്ഠാനങ്ങളും അനുവദിക്കണമെന്ന ഹരജിയിലാണ് സര്‍വേ നടത്താന്‍ വാരാണസിയിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) രവികുമാര്‍ ദിവാകര്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് കുമാറിന്റെ നേതൃത്വത്തില്‍ അഭിഭാഷകരുടെ സംഘം സര്‍വേ ആരംഭിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാന്‍വാപി മസ്ജിദ് പരിസരത്ത് പുരാവസ്തു സര്‍വേ നടത്തണമെന്ന ഉത്തര്‍പ്രദേശ് കോടതിയുടെ ഉത്തരവ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.






