ഇടുക്കി-പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ അയല്‍വാസി തള്ളി താഴെയിട്ട് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചതായുള്ള 12 വയസുകാരന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിയായ കുട്ടി പോലിസില്‍ പരാതി നല്‍കിയത്. കണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വീടിന്റെ സമീപത്ത് കൂടി സൈക്കിള്‍ ഓടിച്ചത് തടയുകയും സൈക്കിള്‍ മറിച്ചിട്ടശേഷം തന്നെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്‌തെന്നാണ് കുട്ടി പരാതി ഉന്നയിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ബാലനും കുടുംബവും നെടുങ്കണ്ടം സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വീട്ടിലെത്തി മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് എല്ലാം കുട്ടി ഉണ്ടാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പരാതി നല്‍കാനായി ഒപ്പമെത്തിയ നാട്ടുകാര്‍ക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു.
സൈക്കിളില്‍ നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍ നിന്നും ശിക്ഷ ലഭിക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചതായി പരാതി നല്‍കാന്‍ സഹായിച്ച നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. കുട്ടിയുടെ പരാതി വ്യാജമാണെന്ന് പോലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടി മൊഴിയില്‍ ഉറച്ച് നിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം സി.ഐ ബി.എസ് ബിനു പറഞ്ഞു.






