Sorry, you need to enable JavaScript to visit this website.

വരുന്നു, മാരുതിയുടെ കൊറോള, ടൊയോട്ടയുടെ ബൊലെനോ

ന്യൂദല്‍ഹി- ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബൊലെനോ, മിനി എസ്യുവി വിറ്റാര ബ്രസ എന്നീ കാറുകള്‍ അടുത്ത വര്‍ഷം മുതല്‍ ടയോട്ടയുടെ ബ്രാന്‍ഡിലും ഇന്ത്യന്‍ നിരത്തുകളിലോടിത്തുടങ്ങും. പകരം ലോകത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഏറ്റവും വില്‍പ്പനയുള്ള സെഡാന്‍ കൊറോള മാരുതി സുസുക്കിയുടെ ബ്രാന്‍ഡിലും ഇവിടെ ഇനി ഓടും. ഇതിനായി സുസുക്കിയും ടൊയോട്ടയും ക്രോസ് ബാഡ്ജിങ് കരാറിലൊപ്പിട്ടു. ഇന്ത്യന്‍ കാര്‍ വിപണിയിലേക്കു മാത്രമായാണ് ഈ ക്രോസ് ബാഡ്ജിങ് കരാറെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാണ ഭീമന്‍മാര്‍ വ്യക്തമാക്കി. 

വാഹന നിര്‍മ്മാണ രംഗത്ത് എന്‍ജീയറിങ്, ഡിസൈന്‍ ചെലവുകള്‍ ചുരുക്കാനുള്ള ഒരു തന്ത്രമാണ് ക്രോസ് ബാഡ്ജിങ്. ഇതു പ്രകാരം കരാറിലേര്‍പ്പെടുന്ന രണ്ടു വാഹന കമ്പനികള്‍ നിശ്ചിത മോഡലുകള്‍ ഒരേ കാറുകള്‍ തന്നെ അതേ പ്ലാറ്റഫോമിലും രൂപകല്‍പ്പനയിലും ചെറിയ മാറ്റങ്ങളോടെ അവതരിപ്പിക്കും.

സുസുക്കിയും ടൊയോട്ടയും ഉണ്ടാക്കിയ കരാര്‍ പ്രകാരം ബൊലേനോ, വിറ്റാര ബ്രെസ, കൊറോള എന്നീ കാറുകള്‍ ഇരു കമ്പനികളുടേയും ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാക്കും. ഇറങ്ങാനിരിക്കുന്നു പുതിയ വാഹനങ്ങളും ഈ ഗണത്തിലേക്കു ചേര്‍ക്കെപ്പെടാം. സംയുക്തമായി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സുസുക്കിയും ടൊയോട്ടയും തമ്മില്‍ ആദ്യ കരാര്‍ ഒപ്പിട്ടത്. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച അന്തിമ രൂപം നല്‍കിയ ക്രോസ് ബാഡ്ജിങ് കരാര്‍. 

കരാര്‍ പ്രകാരം ടൊയോട്ടയ്ക്ക് കൂടി ലഭിക്കുന്ന സുസുക്കിയുടെ ബൊലെനോ, വിറ്റാര ബ്രസ എന്നീ കാറുകളെ തങ്ങളുടെ ബ്രാന്‍ഡിനനുസരിച്ചുള്ള രൂപ ഭാവങ്ങളിലേക്ക് മാറ്റി ടൊയോട്ട ബ്രാന്‍ഡില്‍ നിരത്തിലിറക്കും. സുസുക്കി ലഭിക്കുന്ന കൊറോള മാരുതി സുസുക്കിയുടെ രൂപഭാവത്തിലേക്ക് പരിവര്‍ത്തിച്ചാകും മാരുതി വിപണിയിലിറക്കുക. അതേസമയം പുതിയ ബ്രാന്‍ഡില്‍ ഈ കാറുകള്‍ക്ക് പുതിയ പേരായിരിക്കും നല്‍കുക. 

ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത്  ക്രോസ് ബാഡ്ജിങ് വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന പല കാര്‍ കമ്പനികളും ഉണ്ട്. പരാജയപ്പെട്ടവയും ഉണ്ട്. വലിയ വിജയമായ ക്രോസ് ബാഡ്ജിങ്ങാണ് റെനോ-നിസാന്‍. ഇരു കമ്പനികളും ചേര്‍ന്ന് ചെന്നൈയിലെ ഒരു ഫാക്ടറിയില്‍ നിന്നാണ് ഡസ്റ്റര്‍-ടെറാനോ, ക്വിഡ്, റെഡി ഗോ എന്നീ കാറുകള്‍ നിര്‍മ്മിക്കുന്നത്. ഔഡി-ഫോക്സ് വാഗണ്‍-സ്‌കോഡ കൂട്ടുകെട്ട് ഫാക്ടറികളും പ്ലാറ്റഫോമും പരസ്പരം ഉപേയാഗിക്കുന്നുണ്ട്. ടാറ്റയും ഫിയറ്റ് ക്രിസ്ലറും ഒരേ ഫാക്ടറിയില്‍ നിന്ന് കാര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. മഹീന്ദ്രയും ഫോര്‍ഡും ചേര്‍ന്ന്് ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നു. 
സുസുക്കി-ഫോക്സ് വാഗണ്‍, മഹീന്ദ്ര-റെനോ, ടാറ്റ- ഫോക്സ് വാഗണ്‍-സ്‌കോഡ എന്നീ കൂട്ടുകെട്ടുകളാണ് ഇന്ത്യയില്‍ പരാജയപ്പെട്ടവ.

Latest News