മൊഹാലി- ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെതിരെ ഭീഷണി ഉയര്‍ത്തുകയും വിദ്വേഷ പ്രസ്താവനകള്‍ നടത്തകയും ചെയ്ത ബി.ജെ.പി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പഞ്ചാബ് കോടതി പുതിയ വാറണ്ട് പുറപ്പെടുവിച്ചു.
പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച് ദല്‍ഹി പോലീസ് തിരികെ ദല്‍ഹിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മൊഹാലി കോടതി പുതിയ വാറണ്ട് പുറപ്പെടുവിച്ചത്. ബഗ്ഗയെ ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ വെള്ളിയാഴ്ച ബഗ്ഗയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തട്ടിക്കൊണ്ടുപോയെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ പരാതി കണക്കിലെടുത്ത് ഹരിയാന പോലീസിന്റെ സഹായത്തോടെ ദല്‍ഹി പോലീസ് മോചിപ്പിക്കുകയായിരുന്നു. പഞ്ചാബ് പോലീസുകാരെ ഹരിയാന പോലീസ് തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
പണ്ഡിറ്റുകളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ അരവിന്ദ് കെജ് രിവാള്‍ മാപ്പ് പറയുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ദല്‍ഹിയിലെ വസതിയില്‍ തിരിച്ചത്തിയ ബഗ്ഗ വാര്‍ത്താ ലേഖകരോട് പറഞ്ഞത്.






