ഏതോ സാഹചര്യത്തിൽ കെ. സുധാകരൻ എൽഡിഎഫിനെ സംവാദത്തിനായി ക്ഷണിച്ചെങ്കിലും അതൊന്നും പ്രായോഗികമായി നടക്കാവുന്ന അവസ്ഥയിലേക്കും രാഷ്ട്രീയ വിവേകത്തിലേക്കും കേരളം എത്തിയിട്ടില്ല എന്നു തന്നെ വേണം കരുതാൻ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനു മുന്നെ ഏതെങ്കിലും രീതിയിൽ ജനങ്ങളുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ ജനാധിപത്യത്തിന്റെ ഉയർന്ന രൂപമായിരിക്കുമത്. എന്നാൽ സസ്പെൻസ് സിനിമകളെ പോലെ ജനങ്ങളെ ആകാംക്ഷയിൽ നിർത്താനാണ് നേതാക്കൾക്ക് താൽപര്യം. ഒന്നുറപ്പാണ്, ഇന്നല്ലെങ്കിൽ നാളെ ഈ രീതി മാറ്റാൻ പ്രസ്ഥാനങ്ങൾ തയാറാകേണ്ടി വരും.
ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്ന അവകാശവാദം നിരന്തരമായി നാം കേൾക്കുന്നതാണ്. എന്നാൽ യാഥാർത്ഥ്യം മറിച്ചാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. ഏറ്റവുമധികം കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട പ്രദേശമാണ് കേരളം എന്നതാണ് യാഥാർത്ഥ്യം. ഒരു വിഷയത്തിലും സ്വന്തമായി ഒരു രാഷ്ട്രീയ നിലപാടുമില്ലാതെ, വിശ്വസിക്കുന്ന പാർട്ടിയും നേതാക്കളും പറയുന്നതെന്തോ അതു വിഴുങ്ങുകയും ന്യായീകരിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും. പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസത്തിനുള്ള കാരണവും മിക്കപ്പോഴും രാഷ്ട്രീയമല്ല, വൈയക്തിക നേട്ടങ്ങളും മറ്റു പരിഗണനകളുമാണുതാനും. നമ്മുടെ രാഷ്ട്രീയ പ്രവർത്തന ശൈലിയാകട്ടെ തികച്ചും പ്രാകൃതം. അവിടെ സംവാദങ്ങൾക്കൊരു സ്ഥാനവുമില്ല, നടക്കുന്നത് കൊലപാതകമടക്കമുള്ള ജനാധിപത്യ സമൂഹത്തിനു വെല്ലുവിളിയായ കാര്യങ്ങളും.
വികസനത്തെ കുറിച്ച് നേരിട്ടുള്ള സംവാദത്തിനു എൽ ഡി എഫ് നേതാക്കളെ ക്ഷണിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ആ പ്രസ്താവനയിൽ പോലും വെല്ലുവിളി, ചങ്കൂറ്റം തുടങ്ങിയ പദങ്ങളാണ് സുധാകരൻ ഉപയോഗിക്കുന്നത് എന്നത് വേറെ കാര്യം. അപ്പോഴും ഉദ്ദേശ്യശുദ്ധിയുണ്ടെങ്കിൽ സ്വീകാര്യമായ ഒന്നാണത്. കേരളം വളരെ ശ്രദ്ധേയമായ ഒരു ഉപതെരഞ്ഞെടുപ്പിനു പോകുന്ന വേളയിൽ ഇരു മുന്നണികൾക്കും പരീക്ഷിക്കാവു ഒന്നാണ് ഈ നിർദേശം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പു പ്രചാരണ വേളയിലെ പ്രധാന വിഷയം കെ റെയിലായിരിക്കുമെന്നു ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ.
വാസ്തവത്തിൽ നമ്മുടെ ചാനൽ ചർച്ചകളിൽ ഇത്തരം സംവാദത്തിന്റെ പ്രാഥമിക രൂപം കാണുന്നുണ്ട്. പക്ഷേ പലപ്പോഴും അത് വിപരീത ഫലമാണുണ്ടാക്കുന്നത്. ഒന്നാമതായി അറിയാനും അറിയിക്കാനുമല്ല, വാദിക്കാനും ജയിക്കാനുമാണ് നേതാക്കൾ ചർച്ചക്കെത്തുന്നത് എന്നതു തന്നെ. സ്വന്തമായി അഭിപ്രായമില്ലെങ്കിലും നേതൃത്വങ്ങളെ ന്യായീകരിക്കാനായി അവർ നടത്തുന്ന അഭ്യാസങ്ങൾ കണ്ടാൽ പലപ്പോഴും തോന്നുന്നത് സഹതാപമാണ്. പൊതുവായ വിഷയങ്ങളിൽ സ്വന്തം അഭിപ്രായം പറയാൻ ആർക്കും സാധ്യമാകുക എന്നത് ജനാധിപത്യത്തിൽ അനിവാര്യമായ ഒന്നാണ്. എന്നാൽ നടക്കുന്നത് അതല്ല. മുമ്പൊക്കെ കോൺഗ്രസിൽ അത് കുറച്ചൊക്കെ സാധ്യമായിരുന്നു. എന്നാലവരും കേഡറാകാൻ പോകുന്നതിന്റെ ഭാഗമായി ആ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. ചാനൽ ചർച്ചകളിൽ അവതാരകരുടെ അമിതമായ ഇടപെടലും ചർച്ചയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നു. അതിൽ നിന്നു വ്യത്യസ്തമായി, ഗുരു പറഞ്ഞ പോലെ അറിയാനും അറിയിക്കാനുമുള്ള സംവാദമാണ് നടക്കേണ്ടേത്. തെറ്റു ബോധ്യമായാൽ തിരുത്താനുള്ള ആർജവവും വേണം.
നിർഭാഗ്യവശാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കാര്യങ്ങൾ പഴയ പോലെ തന്നെയാകാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണയം മുതലേ അത് വ്യക്തമാണ്. തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നതു ശരി തന്നെ. എന്നാൽ അൽപകാലമെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമെന്ന യോഗ്യതയെങ്കിലും ഇല്ലാത്തവരെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ? എന്നാൽ ഇരുമുന്നണികളും ചെയ്തത് അതാണ്. ഉമ തോമസ് കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നിരിക്കാം. എന്നാലതെല്ലാം കഴിഞ്ഞ് ദശകങ്ങൾ എത്ര കഴിഞ്ഞു. പി.ടി. തോമസിന്റെ ഭാര്യയായിരുന്നു എന്ന ഒറ്റ പരിഗണനയിൽ അവർക്ക് സീറ്റ് നൽകിയ നടപടി ന്യായീകരിക്കത്തക്കതല്ല. സംവാദാത്മക രാഷ്ട്രീയ പോരാട്ടത്തിനു പകരം സഹതാപ തരംഗത്തിൽ ജയിക്കുക എന്നതു തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മറുവശത്ത് എൽഡിഎഫ് ചെയ്തത് അതിനേക്കൾ മോശമായ ഒന്നാണ്. കെ റെയിൽ പദ്ധതിയുടെ പശ്ചാത്തലത്തിൽ അതായിരിക്കും പ്രചാരണത്തിലെ പ്രധാന വിഷയമെന്നും വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന വേദിയാക്കി തെരഞ്ഞെടുപ്പു പ്രചാരണം മാറ്റുമെന്നും അവർ പ്രഖ്യാപിച്ചിരിക്കുന്നു. അരുൺ കുമാറാണ് സ്ഥാനാർത്ഥിയെന്ന വാർത്ത വന്നപ്പോൾ അതേറെക്കുെറ ശരിയാകുമെന്ന പ്രതീതിയുമുണ്ടായി. എന്നാൽ ഡോ, ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കുക വഴി സംവാദമൊന്നും വേണ്ട, എങ്ങനെയെങ്കിലും ജയിച്ചാൽ മതി എന്ന ലക്ഷ്യം മാത്രമേ തങ്ങൾക്കുള്ളൂ എന്നവർ വ്യക്തമാക്കിയിരിക്കുന്നു. എങ്ങനെ നിഷേധിച്ചാലും ഈ തെരഞ്ഞെടുപ്പിനു പിറകിലെ സാമുദായിക രാഷ്ട്രീയം പ്രകടമാണ്. പ്രത്യേകിച്ച് പലപ്പോഴും സഭക്കെതിരെ നിലപാടെടുക്കുകയും സഭ തിരിച്ചും അതേ നിലപാടെടുക്കുകയും മിശ്രവിവാഹം നടത്തുകയും ചെയ്ത പിടി തോമസിന്റെ ഭാര്യ യു ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തുളളപ്പോൾ. അതിന്റെ തുറന്ന പ്രഖ്യാപനം തന്നെയാണ് പുരോഹിതനെ കൂടെയിരുത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം.
മറ്റൊരു വിഷയം കൂടി ഈ തീരുമാനത്തിനു പിറകിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതു മറ്റൊന്നുമല്ല, ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ബിജെപി നീക്കം വളരെ പ്രകടമാണല്ലോ. അവസാനമുണ്ടായ പി സി ജോർജ് സംഭവമടക്കം അതിന്റെ തെളിവാണ്. അത്തരമൊരു രാഷ്ട്രീയ നീക്കത്തിന്റെ പരീക്ഷണം തൃക്കാക്കരയിൽ നടത്താൻ ബി ജെ പി ശ്രമിക്കുമെന്ന വാർത്ത കണ്ടിരുന്നു. അതിനു മുന്നെ ഓടുന്ന നായക്കു ഒരു മുഴം മുന്നെ എറിയുകയാണ് സിപിഎം ചെയ്തിരിക്കുന്നത് എന്നാക്ഷേപിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
എന്തായാലും സംവാദാത്മകമായ ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാൻ ഈ ഉപതെരഞ്ഞെടുപ്പ് സഹായിക്കുമെന്ന പ്രതീക്ഷയിൽ വലിയ അർത്ഥമൊന്നുമില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറ്റവും പ്രാകൃതമായ ശൈലിയാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നത്. അടിച്ചേൽപിക്കുന്ന ഹർത്താലുകൾ, ഏറെ നേരം പൊതുനിരത്തുകൾ സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും സമരങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘർഷങ്ങളും കൊലപാതകങ്ങളും നേതാക്കളോടുള്ള അന്ധമായ ആരാധനയും സ്വന്തം ചിന്താശേഷി അവർക്കടിയറ വെച്ച് ന്യായീകരണ തൊഴിലാളികളുടെ വേഷം കെട്ടലും, പൊതുമുതൽ നശിപ്പിക്കൽ, മുഴുവൻ സമയ പ്രവർത്തകാരണെന്ന അവകാശവാദത്തിൽ തൊഴിലെടുക്കാതെ ജീവിക്കൽ തുടങ്ങി കാലഹരണപ്പെട്ട നമ്മുടെ പ്രവർത്തന ശൈലികൾ അടിയന്തരമായി മാറേണ്ടിയിരിക്കുന്നു.
മുഷ്ടി ചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാർച്ചുകളും സംഘട്ടനങ്ങളും കൊലപാതക പരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ്? ജനത്തെ ബോധവൽക്കരിക്കാനോ? അത്തരത്തിൽ ബോധവൽക്കരിക്കേണ്ടവിധം ബുദ്ധിശൂന്യരാണോ ജനം? പത്രങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങൾ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളിൽ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയ സംവാദം നടത്തുകയല്ലേ വേണ്ടത്? ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചർച്ചകളാണ് ഉണ്ടാകേണ്ടത്. അതിൽ നിന്ന് ഏതാണ് ശരിയെന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ. അങ്ങനെ എല്ലാവരും ജനാധിപത്യ പ്രക്രിയകളിൽ സജീവ പങ്കാളികളാകട്ടെ. ആധുനിക സാങ്കേതിക വിദ്യയും വാർത്താവിനിമയ സംവിധാനങ്ങളും ഇത്രമാത്രം വളർന്ന ഒരു സാഹചര്യത്തിൽ മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടവരുടെ ആവശ്യവുമില്ല.
ഏതോ സാഹചര്യത്തിൽ കെ. സുധാകരൻ എൽഡിഎഫിനെ സംവാദത്തിനായി ക്ഷണിച്ചെങ്കിലും അതൊന്നും പ്രായോഗികമായി നടക്കാവുന്ന അവസ്ഥയിലേക്കും രാഷ്ട്രീയ വിവേകത്തിലേക്കും കേരളം എത്തിയിട്ടില്ല എന്നു തന്നെ വേണം കരുതാൻ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനു മുന്നെ ഏതെങ്കിലും രീതിയിൽ ജനങ്ങളുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ ജനാധിപത്യത്തിന്റെ ഉയർന്ന രൂപമായിരിക്കുമത്. എന്നാൽ സസ്പെൻസ് സിനിമകളെ പോലെ ജനങ്ങളെ ആകാംക്ഷയിൽ നിർത്താനാണ് നേതാക്കൾക്ക് താൽപര്യം. ഒന്നുറപ്പാണ്, ഇന്നല്ലെങ്കിൽ നാളെ ഈ രീതി മാറ്റാൻ പ്രസ്ഥാനങ്ങൾ തയ്യാറാകേണ്ടി വരും. ഏതു വിഷയത്തിലും ജനാഭിപ്രായമറിഞ്ഞ് പ്രവർത്തിക്കേണ്ടിവരും. അല്ലാതെ അധികകാലം ജനങ്ങളെ വിഡ്ഢികളാക്കി തുടരാമെന്നു കരുതുന്നത് മൗഢ്യമാണ്. അന്തിമമായ വിധികർത്താക്കൾ പാർട്ടികളോ അതിന്റെ നേതാക്കളോ അല്ല, ജനങ്ങളാണെന്ന യാഥാർത്ഥ്യമെങ്കിലും തിരിച്ചറിയുകയാണെങ്കിൽ അതുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. അതിന്റെ തുടക്കം തൃക്കാക്കരയിലായാൽ അത്രയും നന്ന്. അതാകട്ടെ കെ റെയിലുമായി ബന്ധപ്പെട്ട വികസന വിഷയങ്ങൾ തന്നെയാകട്ടെ.






