സന്യാസിയെ മുസ്ലിംകള്‍ ആക്രമിച്ചെന്ന്  വ്യാജ വാര്‍ത്ത; വെബ്സൈറ്റ് ഉടമ അറസ്റ്റില്‍

ബംഗളുരൂ- ജൈന സന്യാസിയെ മുസ്ലിം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാര്‍ വാര്‍ത്താ വെബ്സൈറ്റായ പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിടിച്ച് പരിക്കേറ്റ ജൈന സന്യാസിയുടെ ചിത്രം ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലും വെബ്സൈറ്റിലും ഇയാള്‍ വര്‍ഗീയ വിഷം നിറച്ച വാജ്യവാര്‍ത്ത പടച്ചു വിട്ടത്. മുസ്ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നിരന്തരം വ്യാജ വാര്‍ത്ത പടച്ചു വിടുന്ന കുപ്രസിദ്ധ സംഘപരിവാര്‍ വാര്‍ത്താ വെബ്സൈറ്റാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ്. ജൈന സന്യാസിയെ മുസ്ലിംകള്‍ ആക്രമിച്ചുവെന്ന പച്ചക്കള്ളത്തോടൊപ്പം സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ലെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 

മാര്‍ച്ച് 18-നാണ് മുസ്ലിം വിരുദ്ധമായ ഈ വ്യാജ വാര്‍ത്ത ഹെഗ്ഡെ പുറത്തു വിട്ടത്. ഇതു സംബന്ധിച്ച അന്വേഷിച്ച് വ്യാജമാണെന്ന് കണ്ടെത്തിയ ബംഗളുരു പോലീസ് ക്രൈം ബ്രാഞ്ച് ഹെഗ്ഡെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയതിന് ഇയാള്‍ക്കെതിരെ രണ്ടു പരാതികളും പോലീസിനു ലഭിച്ചിരുന്നു. സന്യാസിയെ ആക്രമിച്ചെന്ന വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി ബംഗളുരു ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗഫാര്‍ ബേഗ്, റാണി ചെന്നമ്മ, ഒണകെ ഒബാവ എന്നിവരെ കുറിച്ച് പോസ്റ്റ് കാര്‍ഡ് ന്യൂസ് വ്യാജ വാര്‍ത്ത നല്‍കിയത് ചൂണ്ടിക്കാട്ടി സജ്ഞയ് നാഗര്‍ എന്നിവരാണ് പോലീസില്‍ പരാതിപ്പെട്ടിരുന്നത്.


 

Latest News