വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇരട്ടി അംഗങ്ങളെ ചേര്‍ക്കാം, വേറേയും പുതുമകള്‍

വലിയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി വാട്‌സാപ്പ്. ഗ്രൂപ്പുകളില്‍ അംഗമാക്കാവുന്നവരുടെ എണ്ണം 256 ല്‍നിന്ന് ഇരട്ടിയാക്കി 512 ആക്കിയിരിക്കയാണ്. അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ നിലവില്‍ ടെലിഗ്രാം തന്നെയാണ് മുന്നിലെങ്കിലും അതിനു സമാനമായി മാറുകയാണ് വാട്‌സാപ്പും. ടെലഗ്രമിലെ സൂപ്പര്‍ഗ്രൂപ്പില്‍ 100,000 ആളുകളെ ചേര്‍ക്കാന്‍ സൗകര്യമുണ്ട്.
ഗ്രൂപ്പുകളുടെ ശേഷി ഉയര്‍ത്തുന്ന ഫീച്ചര്‍ വാട്‌സാപ്പ് സാവധാനത്തിലാണ് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേസമയം പുതിയ ഫീച്ചര്‍ ലഭിക്കാനിടയില്ല.  
രണ്ടു ജി.ബിവരെ വലുപ്പമുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചറും വാട്‌സാപ്പിലെ പുതിയ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. നിലവിലെ 100 എം.ബി പരിധിയില്‍നിന്ന് ഇത് വലിയ മാറ്റമാണ്.  ഫയലുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പരിരക്ഷ ഉണ്ടായിരിക്കുമെന്നും വലിയ ഫയലുകള്‍ പങ്കിടുന്നതിന് വൈഫൈ ഉപയോഗിക്കണമെന്നും വാട്‌സാപ്പ്  പറയുന്നു. ഇത്തരം ഫയലുകളുടെ അപ്‌ലോഡുകളും ഡൗണ്‍ലോഡുകളും കൗണ്ടര്‍ കാണിക്കുമെന്നും എത്ര സമയം വേണമെന്നും അറിയാമെന്നും കമ്പനി വെളിപ്പെടുത്തി.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച സന്ദേശങ്ങളോടുള്ള ഇമോജി പ്രതികരണങ്ങള്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പം എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ ഇമോജി പ്രതികരണങ്ങള്‍ ചേര്‍ത്തുകൊണ്ട് ഈ ഫീച്ചര്‍ മെച്ചപ്പെടുത്തുമെന്നും കമ്പനി പറയുന്നു.
കഴിഞ്ഞ മാസം, വാട്‌സാപ്പ് കമ്മ്യൂണിറ്റികള്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരു കമ്മ്യൂണിറ്റിയിലേക്ക് കൂട്ടിച്ചേര്‍ത്ത് ഗ്രൂപ്പ് ചാറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു ഇത്. കമ്മ്യൂണിറ്റി ഗ്രൂപ്പ് ഫീച്ചറിനു ലഭിച്ച പ്രതികരണം വളരെ പോസിറ്റീവാണെന്നും നിരവധി പുതിയ ഫീച്ചറുകള്‍ പണിപ്പുരയിലാണെന്നും കമ്പനി പറയുന്നു.

 

Latest News