ബി.ജെ.പി നേതാവ് ബഗ്ഗ വീട്ടിലെത്തി, കെജ്‌രിവാള്‍ മാപ്പ് പറയുംവരെ പോരാട്ടം

ന്യൂദല്‍ഹി- പഞ്ചാബ് പോലീസ് തന്നെ തടങ്കലില്‍ വെച്ചത് നിയമവിരുദ്ധമാണെന്നും കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതുവരെ പോരാട്ടം തുടരുമെന്നും ബി.ജെ.പി യുവജന വിഭാഗം നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ.
പഞ്ചാബ് പോലീസില്‍നിന്ന് ദല്‍ഹി പോലീസ് മോചിപ്പിച്ച ബഗ്ഗ ദല്‍ഹിയിലെ വീട്ടില്‍ മടങ്ങി എത്തിയ ശേഷമാണ് പുതിയ പ്രസ്താവന നടത്തിയത്.  വെള്ളിയാഴ്ച ദല്‍ഹിയില്‍ നിന്നാണ് ബഗ്ഗയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. നാടകീയനീക്കങ്ങള്‍ക്കൊടുവിലാണ്  അദ്ദേഹത്തെ വിട്ടയച്ചത്. തിരിച്ചെത്തിയതിന് ശേഷം ബഗ്ഗയുടെ കുടുംബാംഗങ്ങള്‍ ആഘോഷിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വെള്ളിയാഴ്ച ദല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബഗ്ഗയെ പഞ്ചാബ് പോലീസ് മൊഹാലിയിലേക്കു കൊണ്ടുപോകും വഴിയാണ്  പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞത്. ബഗ്ഗയുടെ പിതാവിന്റെ പരാതിയില്‍ പഞ്ചാബ് പോലീസിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഹരിയാന പോലീസ് പഞ്ചാബ് പോലീസ് വാഹനങ്ങളെ വളഞ്ഞ ശേഷമാണ്  ഹൈവേയില്‍ നിന്ന് കുരുക്ഷേത്രയിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതും.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ചുള്ള മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രസ്താവനകളെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് ബഗ്ഗ പങ്കെടുത്ത പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പഞ്ചാബ് പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുക, മതപരമായ ശത്രുത വളര്‍ത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ബഗ്ഗയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പോലീസ് നടപടിയെ ന്യായീകരിച്ച എഎപി എം.എല്‍.എ അതിഷി ബിജെപിക്കാര്‍ പഞ്ചാബ് പോലീസിനെ നിയമവിരുദ്ധമായി ബന്ദികളാക്കിയെന്ന് ആരോപിച്ചു.

പഞ്ചാബില്‍ അക്രമം അഴിച്ചുവിടാനാണ് തജിന്ദര്‍ പാല്‍ ബഗ്ഗ ശ്രമിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത പഞ്ചാബ് പോലീസ് അഞ്ച് തവണ സമന്‍സ് അയച്ചിരുന്നുവെന്നും അതിഷി പറഞ്ഞു.

 

Latest News