Sorry, you need to enable JavaScript to visit this website.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്- പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു.

ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ധോരന്‍പുരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി 2021 ഡിസംബര്‍ മൂന്നിന് ബിസൗലി സബ്-ഡിവിഷനല്‍ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെ ഇര്‍ഫാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ ഉത്തരവിട്ടിരുന്നു. ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദം സമീപപ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ആകരുതെന്ന് മുഖ്യമന്ത്രി യോഗി  മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News