പാറയിടുക്കില്‍നിന്ന് രക്ഷിച്ച ബാബു അക്രമാസക്തനായ നിലയില്‍, വിശദീകരണവുമായി മാതാവ്

പാലക്കാട്- പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു അക്രമാസക്തനായ നിലയിലുള്ള വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വിശദീകരണവുമായി മാതാവ്.
മാതാവും മറ്റു ചേര്‍ന്ന് പിടിച്ചുവെക്കാന്‍ ശ്രമിച്ചിട്ടും കുതറിയോടി മണ്ണില്‍ കിടന്നുരുളുന്ന ബാബു എനിക്ക് ചാകണം, ചാകണമെന്ന് വിളിച്ചു പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വടിയെടുത്ത് മാതാവും തലയില്‍ വെള്ളമൊഴിച്ച് കൂട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.
കഞ്ചാവ് പോലുള്ള മയക്കുമരുന്ന് കഴിച്ചിട്ടാണ് ബാബു ഇത്തരത്തില്‍ പെരുമാറുന്നതെന്ന കുറിപ്പോടെയാണ്  വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍, ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും കൂട്ടുകാരനോടൊപ്പം  മദ്യപിച്ചതാണെന്നും മാതാവ് പറയുന്നു.  മദ്യപിച്ച് ബഹളം വെച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരോട് പിടിച്ചുവെക്കാന്‍ പറഞ്ഞതാണെന്നും അവര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ മലയില്‍ കുടുങ്ങിയതുമുതല്‍ അവന്‍ മാനസികമായി വളരെ ടെന്‍ഷനിലാണ്. പുറത്തിറങ്ങിയാല്‍ അതേക്കുറിച്ച് തന്നെയാണ് ആളുകളുടെ ചോദ്യം. സംഭവ ദിവസം മദ്യപിച്ച് സഹോദരനുമായി വഴക്കിട്ടപ്പോള്‍ ഞാന്‍ വഴക്കു പറയുകയും വടിയെടുത്ത് അവനെ രണ്ടുമൂന്ന് അടി അടിക്കുകയും ചെയ്തു. പിന്നാലെ ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്ക് പോയി. ക്വാറിയില്‍ ചാടി മരിക്കുമോ എന്ന് ഭയന്ന് ഞാന്‍ പിറെകേ ചെന്നു. അവിടെയുണ്ടായിരുന്നവരോട് പിടിച്ചുവെക്കാന്‍ പറഞ്ഞപ്പോള്‍ അവരെ തെറിപറഞ്ഞു. ഇത് അടിപിടിയിലെത്തിയതാണ് ചിലര്‍ വിഡിയോ എടുത്തത്-മാതാവ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്. സംഭവത്തില്‍ വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിരുന്നു.

 

Latest News