കോഴിക്കോട്- കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാര്‍ ഇസ്ലാമിക ഭീകരതയുടെ രക്ഷാധികാരിയാകുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ.
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുസമുദായം മാത്രമല്ല, ക്രിസ്തീയ സമൂഹവും ഇക്കാര്യത്തില്‍ ആശങ്കയുള്ളവരാണ്. ജനസംഖ്യാനുപാതത്തിലെ അസന്തുലിതാവസ്ഥയും നാര്‍കോട്ടിക് ജിഹാദും സംബന്ധിച്ച ആശങ്ക അവര്‍ വെളിപ്പെടുത്തിയതാണ്. കപട മതേതരത്വം, ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്നിവയാണ് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍. ഒരു മതവിഭാഗത്തെ മാത്രം പിന്തുണയ്ക്കുകയാണ്. കേരളത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നു. ഏറെക്കാലമൊന്നും കേരളജനത ഇടതുപക്ഷത്തെ സഹിക്കില്ല. ദേശീയതയുടെ പക്ഷത്തേക്ക് തീര്‍ച്ചയായും കേരളജനത മാറുമെന്ന് ഉറപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നാണ് പിണറായി വിജയന്റെ പരാതി. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ എല്ലാവര്ക്കും അധികാരം പകരുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ കുപ്പുസ്വാമി, ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.






