ശ്രീനഗര്‍- ജമ്മു കശ്മീരിലെ മണ്ഡലാതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മണ്ഡല അതിര്‍ത്തി നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായതോടെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 2018 മുതല്‍ ഒരു തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഇല്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഉടന്‍ ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അറിയിച്ചത്.
ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായി ബി.ജെ.പിക്ക് അനുകൂലമായിട്ടാണ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചിരിക്കുന്നതെന്നാണ് ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഉയര്‍ത്തുന്ന ആരോപണം. ജമ്മുകശ്മീരില്‍ ഇതാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാകുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും ഇതിനോട് ചേര്‍ത്ത് വായിക്കണം.
ബി.ജെ.പി ഇതര പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി 90 നിയമസഭാ മണ്ഡലങ്ങളും വിജ്ഞാപനം ചെയ്തു. പുതുതായി ഏഴ് മണ്ഡലങ്ങളാണ് ജമ്മുകശ്മീരില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.






