സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. പി.സി.ജോർജിനെപ്പോലുള്ള വർഗീയ വിഷ വിത്തുകൾക്ക് കേരളം നൽകുന്ന ഗംഭീരമായ മറുപടിയാണത്. വർഗീയവാദികളെ കണ്ടം വഴി ഓടിക്കാൻ ഈ ഒരു വീഡിയോ മതി.
കൊല്ലം ജില്ലയിലാണ് സംഭവം നടക്കുന്നത്. വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര വെറ്റമുക്ക് മസ്ജിദിന് മുന്നിലൂടെ കടന്നു പോകുകയാണ്. ഈ സമയത്താണ് മസ്ജിദിൽ നിന്ന് ബാങ്ക് വിളി മുഴങ്ങുന്നത്.
നോമ്പ് തുറയ്ക്കുള്ള സമയം. ബാങ്ക് വിളി കേട്ടതോടെ ഘോഷയാത്രയിലെ വാദ്യമേളങ്ങൾ നിശ്ചലമായി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പള്ളിയിലേക്ക് നോക്കി തൊഴുകൈയോടെ നടന്നു നീങ്ങി.
ആരോ ഒരാൾ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തെ വർഗീയമായി വെട്ടിമുറിക്കാൻ ആര് ശ്രമിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പിക്കുന്ന കാഴ്ചയാണിത്.
പി.സി.ജോർജിന്റെ വായിൽ നിന്ന് മുസ്ലിം സമുദായത്തിനെതിരായി വർഗീയ വിഷം വമിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. ഇതോടൊപ്പം ഇന്നലെ മഹാരാഷ്ട്രയിൽ നടന്ന മറ്റൊരു സംഭവം കൂടി അറിയണം. അപ്പോൾ മാത്രമേ കേരളത്തിലെ മതസൗഹാർദത്തിന്റെ മൂല്യത്തെക്കുറിച്ച് മനസ്സിലാകൂ, മഹാരാഷ്ട്രയിൽ പുലർച്ചെ പള്ളികളിൽ നിന്ന് ബാങ്ക് വിളിച്ച സമയത്ത് അതിനെ ശബ്ദം കൊണ്ട് നേരിടുന്നതിനായി രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവ നിർമാൺ സേന പ്രവർത്തകർ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കുകയായിരുന്നു.
മെയ് നാലിനകം മഹാരാഷ്ട്രയിലെ മുഴുവൻ പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും അതിന് പള്ളികമ്മിറ്റികൾ തയാറായില്ലെങ്കിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി കേട്ടാൽ അതിന്റെ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കണമെന്നുമാണ് രാജ്താക്കറേ അണികൾക്ക് നിർദേശം നൽകിയത്. മതവൈരത്തിന്റെ ഭീകരതയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ അഴിഞ്ഞാടുന്നത്.
ഇതിനെയെല്ലാം ചെറുക്കേണ്ട ഭരണകൂടമാകട്ടെ വർഗീയതയ്ക്ക് വളവും വെള്ളവും നൽകി പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്.
വർഗീയതയുടെ വിഷക്കയത്തിൽ കേരളത്തിലെ ജനങ്ങളെ ആരൊക്കെ മുക്കിക്കൊല്ലാൻ ശ്രമിച്ചാലും വർധിത വീര്യത്തോടെ അതിൽ നിന്നും കുതറിയോടുന്നതാണ് ഇക്കാലമത്രയും കേരളത്തിന്റെ പാരമ്പര്യം. അത് തുടർന്നുകൊണ്ടേയിരിക്കുമെന്ന സന്ദേശമാണ് കേരളത്തിലെമ്പാടും പ്രകടമായിക്കൊണ്ടിരിക്കുന്നത്.
സംഘപരിവാറും അവർ വലിച്ചെറിയുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരും കേരളത്തിൽ കാലങ്ങളായി വർഗീയതയുടെ വിത്തു മുളപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പി.സി.ജോർജിനെപ്പോലുള്ള വർഗീയതയുടെ പുതിയ തരം ജനിതക വിത്തുകൾ കേരളത്തിലെ മണ്ണിലേക്ക് എറിഞ്ഞു നോക്കുന്നുണ്ട്.
എന്നാൽ മുളച്ച് പൊന്തുന്ന ഈ വിഷ സസ്യങ്ങളെ വേരോടെ പിഴുതെറിയാനുള്ള ഊർജം മതേതര കേരളം ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് പി.സി.ജോർജിന്റെ വായിൽ നിന്ന് വർഗീയ വിഷം ഒലിച്ചിറങ്ങിയപ്പോൾ അതിനെ പിന്തുണയ്ക്കാൻ സംഘപരിവാറിന്റെ നേതൃത്വങ്ങളല്ലാതെ മറ്റാരും ഇല്ലാതെ പോയത്. കേരളത്തിൽ ഹിന്ദു-മുസ്ലിം വൈരം സൃഷ്ടിക്കാനുള്ള കാലങ്ങളായി സംഘപരിവാറിന്റെ നീക്കങ്ങൾ ഒരു പരിധിക്കപ്പുറം ഫലം കാണുന്നില്ലെന്ന് ഉറപ്പായതോടെയാണ് ക്രിസ്ത്യൻ-മുസ്ലിം സംഘർഷങ്ങൾക്ക് വിത്തു പാകിത്തുടങ്ങിയത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ചില ക്രിസ്ത്യൻ പുരോഹിതൻമാരടക്കമുള്ളവർ സംഘപരിവാറിന്റെ കുതന്ത്രങ്ങളിൽ വീണ് പോയിരുന്നു.
പിന്നീട് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള പി.സി ജോർജിനെപ്പോലെയുള്ളവരെ മുൻനിർത്തിക്കൊണ്ട് മുസ്ലീം വിരുദ്ധ പ്രചാരണത്തിനാണ് സംഘപരിവാർ ശ്രമം നടത്തിയത്. ജോർജിനെ മുൻനിർത്തിക്കൊണ്ട് കേരളത്തിൽ സംഘപരിവാർ അനുകൂല ക്രിസത്യൻ സംഘടനയുടെ രൂപീകരണത്തിന് പോലും ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ മതമൈത്രി തകർത്ത്, തീവ്ര വർഗീയത ആളിക്കത്തിച്ച് ഏതു രീതിയിലും സ്വാധീനമുറപ്പിക്കുകയെന്നതാണ് ബി.ജെ.പിയുടെയും ആർ.എസ്.എസ് അടക്കമുള്ള മറ്റു സംഘപരിവാർ സംഘടനകളുടെയും ഉദ്ദശ്യം.
സംഘപരിവാർ ശക്തികൾ വർഗീയതയെ ആളിക്കത്തിക്കുമ്പോഴും അതിനെതിരെ ശക്തമായ നിലപാടുകൾ പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ടെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. മതേതരത്വത്തിന്റെ വേരുകൾ കേരളത്തിൽ കുറേയധികം മനുഷ്യരിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നും വർഗീയതയെ ചെറുക്കാൻ അവർ കൂട്ടായി അണിനിരക്കുന്നുണ്ടെന്നും സമീപകാലത്തെ പല അനഭവങ്ങളും തെളിയിക്കുന്നുണ്ട്.
എന്നാൽ അപ്പുറത്ത് അധികാരവും പണവും ഉപയോഗിച്ചാണ് സംഘപരിവാർ ശക്തികൾ രംഗത്തുള്ളത്.
കേരളത്തിലെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാർ ചെയ്തു നൽകുന്നുണ്ട്.
മറ്റ് പല സംസ്ഥാനങ്ങളിലെയും ചെറുത്ത് നിൽപുകളെ കേന്ദ്ര സർക്കാർ അധികാരവും പണവും ഉപയോഗിച്ച് അടിച്ചമർത്തിക്കഴിഞ്ഞു. ബി.ജെ.പി വിരുദ്ധ പക്ഷത്ത് ആവേശത്തോടെ നിന്നിരുന്ന പല രാഷ്ട്രീയ കക്ഷികളും ബി.ജെ.പി നേതൃത്വം തന്ത്രപൂർവം വലിച്ചെറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷ്ണത്തിന് പിന്നാലെ പോയി.
വർഗീയതക്കെതിരെ സന്ധിയില്ലാ നിലപാടുകളുമായി അപ്പോഴും തലയുയർത്തിപ്പിടിച്ചു നിൽക്കാൻ കഴിയുന്നത് കേരളത്തിനാണ്. അവിടേക്കാണ് പി.സി.ജോർജിനെ പോലുള്ള പടപ്പുറപ്പാടുകൾ വർഗീയതയുടെ, മുസ്ലിം വിരോധത്തിന്റെ എൻഡോസൾഫാൻ വിഷ ദ്രാവകം തളിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ നഴ്സറികളിൽ മുളപ്പിച്ചെടുത്ത വിഷവിത്തുമായി വരുന്നവർക്ക് മറുപടി ഒന്നേയുള്ളൂ. അതാണ് കൊല്ലത്തെ വെറ്റമുക്കുകാർ കാണിച്ചു തന്നത്.






