ഒരു സിനിമ, ഒത്തിരിക്കാര്യം

ഹാറ്റ്‌സ് ഓഫ് പൃഥ്വിരാജ് സുകുമാരൻ. കെട്ടകാലത്തിന്റെ ആസുരതകളെ വെള്ളിത്തിരയിലൂടെയെങ്കിലും നിർഭയം വിളിച്ചുപറഞ്ഞതിന്,രാഷ്ട്രീയം സംസാരിക്കുമ്പോൾ ആരെയും വേദനിപ്പിക്കാത്ത, ബാലൻസിംഗിന്റെ വിപണി മൂല്യത്തെ ആശ്ലേഷിക്കാത്തതിന്,ഭയം ഉഛ്വാസ വായുവിൽ പോലും അരിച്ചുകയറുന്ന ജനാധിപത്യ വിരുദ്ധമായ, വൺമാൻ സ്റ്റേറ്റിന്റെ കാലത്ത്, സത്യങ്ങൾ വിളിച്ചുപറയാനുള്ളതാണ് എന്ന് ഓർമിപ്പിച്ചതിന്,ഭാവനയുടേയും കാൽപനികതയുടേയും സമ്മേളനമായ സിനിമയെ യാഥാർഥ്യത്തിന്റെ നോവുകൾ സത്യസന്ധമായി അവതരിപ്പിക്കാനുള്ള വേദിയായി പരിവർത്തിപ്പിച്ചതിന്,പൃഥ്വിരാജ് തീർച്ചയായും മതേതര, ജനാധിപത്യഭാരതത്തിന്റെ കൃതജ്ഞത അർഹിക്കുന്നു.
ജനഗണമന' എന്ന മലയാള സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നെഞ്ചിൽ കൊളുത്തിവലിക്കുന്ന ഒരുനൂറ് ചോദ്യങ്ങളുമായാണ് മടങ്ങുന്നതെന്ന് അവരുടെ മുഖം കണ്ടാലറിയാം. നല്ലൊരു എന്റർടെയ്‌നർ ആസ്വദിച്ചതിന്റെ സുഖത്തോടെയല്ല, അപ്രീതികരമായ ചോദ്യങ്ങൾ ഇങ്ങനെയെങ്കിലും സമൂഹത്തിന്റെ മുന്നിലേക്ക് ഉയർത്തപ്പെടുന്നുണ്ടല്ലോ എന്ന ആശ്വാസത്തിന്റെ മുഖഭാവമാണത്. പാർട്ടിപ്പതാകയും അസഹിഷ്ണുതയുടെ മുദ്രാവാക്യങ്ങളുമായി തിയേറ്ററുകളിൽ സംഘടിച്ചെത്തിയ കശ്മീർ ഫയൽസിന്റെ പ്രേക്ഷകരെയല്ല ഇവിടെ കാണാൻ കഴിഞ്ഞത്. എന്നാൽ നിശ്ശബ്ദമായൊരു മുദ്രാവാക്യം അവരുടെ മനസ്സിൽ അലയടിച്ചുയരുന്നുണ്ടായിരുന്നു. അത് സമകാലീന ഭാരതം കടന്നുപോകുന്ന ദുസ്സഹമായ രാഷ്ട്രീയ വിധിയുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്നവരുടെ നിശ്ശബ്ദമായ നിലവിളിയായി മാറുന്നുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഇന്ത്യ എന്ന ആശയത്തിനേറ്റ രാഷ്ട്രീയ മുറിവിനെ ഫലപ്രദമായി തുറന്നുകാണിക്കുന്ന ചിത്രമാണ് ഷാരിസ് മുഹമ്മദ് രചിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത, ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചലച്ചിത്രം. ഇത് പരമ്പരാഗതമായ അർഥത്തിലുള്ള ഒരു ആർട് സിനിമയല്ല. എന്നാൽ വാണിജ്യ സിനിമകളുടെ ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്തിട്ടുമില്ല. സിനിമ ഒരു കലാരൂപമെന്ന നിലയിൽ എത്രമാത്രം പ്രസക്തമാണോ അത്ര തന്നെ പ്രസക്തമാണ് അതിന്റെ ഉള്ളടക്കം എന്ന ചിന്തയെയാണ് ഈ സിനിമ കൂടുതൽ ആശ്രയിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും നേതാക്കളുടേയും പേര് എടുത്തുപറയാതെ തന്നെ, കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു ഈ സിനിമ. ഇതിലെ ഓരോ സംഭാഷണങ്ങളും ഒരു പ്രസ്താവനയായി മാറുന്നത് സമകാലിക രാഷ്ട്രീയത്തെ ഓരോ വാക്കുകളിലും അത് ഉൾക്കൊള്ളുന്നതുകൊണ്ടാണ്. 
കർണാടകയിലെ രാമനഗരം എന്ന സ്ഥലത്തെ സെൻട്രൽ യൂനിവേഴ്‌സിറ്റി പശ്ചാത്തലമാക്കിയാണ് സിനിമ ഇതൾ വിരിയുന്നത്. ഇവിടത്തെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഒരധ്യാപിക, മംമ്ത മോഹൻദാസ് അവതരിപ്പിക്കുന്ന സബ മറിയം ദാരുണമായ രീതിയിൽ കൊല്ലപ്പെടുന്നു. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ശരീരം നാലുപേർ ചേർന്ന് കത്തിച്ചുകളയുന്നു. ഈ സംഭവത്തെ മുൻനിർത്തിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അധ്യാപികയുടെ കൊലയാളികളെ പിടികൂടാൻ സെൻട്രൽ യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ ഒന്നടങ്കം മുന്നിട്ടിറങ്ങുന്നു. സജ്ജൻ കുമാർ എന്ന എ.സി.പിയാണ് അന്വേഷണത്തിന് നിയോഗിക്കപ്പെടുന്നത്. ഒരു മാസത്തിനകം അദ്ദേഹം നാലു പ്രതികളെയും പിടികൂടുന്നു. എന്നാൽ പ്രതികൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുമെന്ന് മനസ്സിലാക്കിയ  നീതിമാനായ' സജ്ജൻ കുമാർ അവരെ വെടിവെച്ചുകൊല്ലുകയും അതൊരു എൻകൗണ്ടർ കൊലപാതകമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ അയാൾ മാധ്യമങ്ങളുടെയും ജനങ്ങളുെടയും വിദ്യാർഥികളുടെയും ഹീറോ ആയി മാറുകയാണ്.
എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റന്റ് നീതിനിർവഹണം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. പ്രമുഖനായ അഭിഭാഷകനാണ് പോലീസ് ഓഫീസറെ  പ്രതിനിധീകരിച്ച്, സംസ്ഥാനത്തിനായി കോടതിയിൽ ഹാജരാകുന്നത്. എന്നാൽ കോടതികളെ അപ്രസക്തമാക്കുന്ന ഇൻസ്റ്റന്റ് നീതിനിർവഹണത്തിന്റെ ജനാധിപത്യ വിരുദ്ധതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി അഭിഭാഷകനായ അരവിന്ദ് സ്വാമിനാഥൻ കോടതിയിൽ ഹാജരാകുന്നു. യഥാർഥത്തിൽ നടന്നതെന്ത് എന്ന് അയാളുടെ വാദഗതിയിലൂടെയാണ് കോടതിയും പ്രേക്ഷകരും മനസ്സിലാക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ രണ്ടാം പകുതി മുഴുവൻ കോടതിയിൽ അരവിന്ദ് സ്വാമിനാഥൻ ഉയർത്തുന്ന ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെ പ്രകമ്പനങ്ങളാണ് നിറയുന്നത്. ഈ കഥാപാത്രം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ജീവൻ നൽകാൻ തയാറായി എന്നതാണ് പൃഥ്വിരാജിന്റെ ധീരത.
ഒരു കൊലപാതക അന്വേഷണവും അനുബന്ധ സംഭവങ്ങളും എന്ന നിലയിൽനിന്ന് സിനിമ ഇതോടെ വഴിമാറി സഞ്ചരിക്കുകയാണ്. അത് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച അന്വേഷണമായി മാറുന്നു. സെൻട്രൽ യൂനിവേഴ്‌സിറ്റി ഇന്ത്യയുടെ പരിഛേദമായി മാറുന്നു. 
സർവകലാശാലകളിലെ ജാതിവിവേചനം, നോട്ടുനിരോധമടക്കമുള്ള രാഷ്ട്രീയ പരീക്ഷണങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, മതവിവേചനം, ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവം, അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾ, ജനങ്ങളുടെ വികാരത്തെ ഉദ്ദീപിപ്പിച്ച് വോട്ടുകൾ പെട്ടിയിലാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ, യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന ജനങ്ങൾ... ഇന്നത്തെ ഇന്ത്യ സാക്ഷിയാകുന്ന നിരവധി യാഥാർഥ്യങ്ങളെ പ്രശ്‌നവത്കരിക്കാൻ ധീരമായി ഒരുമ്പെടുന്നുണ്ട് ജനഗണമന.
ഒരു സാധാരണ കഥ പറച്ചിലല്ല, ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും ചോദ്യങ്ങളുമാണ് തനിക്ക് ഉയർത്താനുള്ളതെന്ന സംവിധായകന്റെ നിലപാട് ഓരോ ഷോട്ടിലും വ്യക്തമാണ്. 
വിദ്യാർഥികൾക്ക് പ്രിയങ്കരിയായ ഒരു അധ്യാപികയുടെ കൊലപാതകം എന്ന ആദ്യ പ്ലോട്ടിൽനിന്ന് ആരംഭിച്ച്, ഒരു സെൻട്രൽ യൂനിവേഴ്‌സിറ്റിയിലേക്കും അവിടെ വിദ്യാർഥികൾക്കു നേരിടേണ്ടിവരുന്ന ജാതി വിവേചനം അടക്കമുള്ള വെല്ലുവിളികളെക്കുറിച്ചും പുറത്ത് പൊതുസമൂഹത്തിലും ആഴത്തിൽ വേരോട്ടമുള്ള ജാതീയവും മതപരവുമായ മുൻവിധികളെക്കുറിച്ചും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെക്കുറിച്ചുമൊക്കെ കൃത്യമായ നിലപാടുകൾ ഉറക്കെപ്പറയാൻ സിനിമ മടിക്കുന്നില്ല.
വാർത്താമാധ്യമങ്ങളിൽ നിറഞ്ഞ സമകാലിക ഇന്ത്യയെ തന്നെയാണ് ഈ സിനിമയുടെ പ്ലോട്ടുകളിൽ ദൃശ്യവത്കരിക്കുന്നത്. മാധ്യമങ്ങളും മാധ്യമ ധർമവും കൃത്യമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. മാധ്യമങ്ങൾ പറയുന്നതാണോ സത്യം, അതോ സത്യം പറയാനാണോ മാധ്യമങ്ങൾ എന്ന ചോദ്യം അരവിന്ദ് സ്വാമിനാഥൻ കോടതിക്ക് മുമ്പാകെ ഉയർത്തുന്നുണ്ട്. ഹൈദരാബാദ് സർവകലാശാലയിൽ ജാതിവിവേചനത്തിന്റെ ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുല, വിദ്യ എന്ന താഴ്ന്ന ജാതിക്കാരിയായ ഗവേഷക വിദ്യാർഥിയിലൂടെ ചിത്രത്തിൽ പുനർജനിക്കുന്നു. എന്റെ ജന്മമാണ് എന്റെ തെറ്റ് എന്ന വെമൂലയുടെ ആത്മഹത്യാക്കുറിപ്പിലെ വരികൾ തന്നെയാണ് വിദ്യയുടെ ആത്മഹത്യാകുറിപ്പിലും കാണുന്നത്. ഈ രംഗങ്ങളൊക്കെ വെറുതെയൊന്ന് പറഞ്ഞുപോകുകയല്ല, വിശദമായി ദൃശ്യവത്കരിക്കാൻ സംവിധായകൻ തയാറായിട്ടുണ്ട്. നോട്ടു നിരോധിച്ചതു പോലെ ചിലപ്പോൾ വോട്ടും നിരോധിച്ചേക്കാം എന്ന സംഭാഷണം ജനാധിപത്യം നേരിടുന്ന ഭീഷണമായ വെല്ലുവിളിയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പായി മാറുന്നു. മുസ്‌ലിം അധ്യാപികയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ചിത്രം കണ്ട്, വേഷം കണ്ടാലറിയാം അവരുടെ ലക്ഷ്യം എന്ന സർവകലാശാല വി.സിയുടെ അഭിപ്രായ പ്രകടനം നമ്മെ ഓർമിപ്പിക്കുന്നത് സമകാലികമായ ചില രാഷ്ട്രീയ പ്രസ്താവനകൾ തന്നെ. വ്യക്തമായ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പ്രവർത്തിക്കുന്ന റിപ്പബ്ലിക് ടി.വി പോലെയുള്ള മാധ്യമങ്ങെളയും സംവിധായകൻ തുറന്നുകാട്ടുന്നുണ്ട്. 
ഇത്രയധികം രാഷ്ട്രീയ സ്പർശമുള്ള ഒരു ദീർഘ സിനിമയെ ഒരു ഡോക്യു ഫിക്ഷന്റെ വൈരസ്യത്തിൽ നിന്ന് രക്ഷിച്ച് ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കി മാറ്റിത്തീർത്തിരിക്കുന്നത് ഷാരിസ് മുഹമ്മദിന്റെ മികവുറ്റ തിരക്കഥയും ഡിജോ ജോസ് ആന്റണിയുടെ കാഴ്ചപ്പാടുമാണ്. 
വ്യത്യസ്തമായ നിരവധി ഉപകഥകളെ കൃത്യമായി കോർത്തിണക്കി, ആവർത്തന വിരസതയോ പരസ്പര ബന്ധമില്ലായ്‌മോ ഒന്നുമില്ലാതെ സുഗമമായ ഒഴുക്കോടെ എഴുതിയിരിക്കുന്നു ഷാരിസ് മുഹമ്മദ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും വിൻസിയും ധന്യ അനന്യയും അടക്കമുള്ള അഭിനേതാക്കളുടെ മികവാർന്ന അഭിനയവും സിനിമയെ ആസ്വാദ്യകരമാക്കുന്നു. 
സാമൂഹിക യാഥാർഥ്യങ്ങളുടെ മുന്നിൽ പ്രേക്ഷകരെ സ്വയം നിർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് പറഞ്ഞത് വിശ്രുത ചലച്ചിത്രകാരൻ ഫ്രെഡറികോ ഫെല്ലിനിയാണ്. സാങ്കേതിക ജഡിലമായ ഈ കലയിൽ സമൂഹത്തിന്റെ അനുഭവ സംഗീതമാണ് പ്രത്യക്ഷമാകേണ്ടത്. പ്രേക്ഷകർക്ക് അനുഭവ വേദ്യമാകുന്ന തരത്തിൽ സമൂഹാന്തർഗതങ്ങളെ പുനർജനിപ്പിക്കുമ്പോഴാണ് സിനിമ യാഥാർഥ്യ ബോധത്തിന്റെ വേദിയാകുക. ജനഗണമന നിർവഹിക്കുന്ന ധർമവും അതു തന്നെ.

Latest News