Sorry, you need to enable JavaScript to visit this website.

റെന്റ് എ കാർ ഓഫീസുകളിൽ വിദേശ വിദഗ്ധരെ പരിഗണിക്കുന്നു

ജിദ്ദ - സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയ റെന്റ് എ കാർ ഓഫീസുകളിൽ വിദേശ വിദഗ്ധരെ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പഠിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയും ഉറപ്പ് നൽകി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ഗതാഗത കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. റെന്റ് എ കാർ സ്ഥാപനങ്ങളിൽ റിസീവിംഗ്, ഡെലിവറി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നതിന് ഓരോ സ്ഥാപനത്തിലും ഒരു വിദേശ വിദഗ്ധനെ വീതം അനുവദിക്കണമെന്നാണ് ഗതാഗത കമ്മിറ്റി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 
സ്ഥാപനങ്ങളിലെ റിസപ്ഷൻ ജോലികൾ പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ഗതാഗത കമ്മിറ്റി പ്രസിഡന്റ് സഈദ് അൽബസ്സാമി പറഞ്ഞു. ഉപയോക്താക്കളുടെ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തുക, വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക എന്നീ ഉത്തരവാദിത്തങ്ങൾ മാത്രമാണ് റിസപ്ഷനിസ്റ്റുകൾക്കുള്ളത്. എന്നാൽ റിസീവിംഗ്, ഡെലിവറി ജോലികൾ നിർവഹിക്കുന്ന സാങ്കേതിക വിദഗ്ധരുടെ തസ്തികകൾ സൗദിവൽക്കരിക്കുക എളുപ്പമല്ല. മതിയായ പരിചയ സമ്പത്തുള്ള ജീവനക്കാരുടെ അഭാവം റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. മുന്തിയ ഇനം കാറുകളുടെ ഉൾവശത്തെ ചില ഭാഗങ്ങൾ മാറ്റി ചിലർ തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതിന് കാറുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നന്നായി അറിയുന്ന പരിചയ സമ്പന്നർ ആവശ്യമാണ്.
പരിചയസമ്പന്നരായ സൗദികളെ ലഭ്യമാകുന്നതു വരെ ഒരു വർഷത്തേക്കെങ്കിലും വിദേശ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താൻ റെന്റ് എ കാർ സ്ഥാപന ഉടമകളെ അനുവദിക്കണം. ഇവർക്കൊപ്പം ജോലി ചെയ്യാൻ നിയോഗിക്കുന്നതിലൂടെ സൗദികൾക്ക് സാങ്കേതിക വൈദഗ്ധ്യം നേടാൻ സാധിക്കും.  ഓരോ മേഖലയുടെയും സാഹചര്യങ്ങൾക്കനുസരിച്ചും കമ്പനികളെ പ്രതികൂലമായി ബാധിക്കാത്ത നിലക്കുമായിരിക്കണം സൗദിവൽക്കരണം നടപ്പാക്കേണ്ടത്. ഇങ്ങനെ ഏതു മേഖലയിലും സൗദിവൽക്കരണം നടപ്പാക്കാവുന്നതാണെന്ന് സഈദ് അൽബസ്സാമി പറഞ്ഞു.
അതേസമയം, സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കിയ മൊബൈൽ ഫോൺ കടകൾ, ജ്വല്ലറികൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമകൾ വിദേശ വിദഗ്ധരുടെ സേവനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിനെ ഈ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി യുവാക്കൾ വിമർശിച്ചു. സൗദികളെ അവലംബിക്കാനാവില്ലെന്ന പിടിവാശി ചില തൊഴിലുടമകൾ തുടരുകയാണ്. പിടിവാശി അവരെ തന്നെയാണ് ബാധിക്കുകയെന്നും ഈ സമീപനം സൗദി ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിലേക്ക് നയിക്കുമെന്നും റെന്റ് എ കാർ ഓഫീസിൽ ജോലി ചെയ്യുന്ന അബ്ദുല്ല മുബൈരിക് പറഞ്ഞു. 
റെന്റ് എ കാർ ഓഫീസുകളിലെ സൗദി ജീവനക്കാരുടെ സാന്നിധ്യം, സൗദിവൽക്കരണം പാലിക്കാത്തതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച തൊഴിലുടമകളുടെ ഭീതിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് റെന്റ് എ കാർ ഓഫീസിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്ന മാജിദ് അൽഹർബി പറഞ്ഞു. ഏറെക്കാലം അലഞ്ഞ ശേഷമാണ് തനിക്ക് തൊഴിൽ ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. സൗദി ജീവനക്കാർക്കും തൊഴിലുടമകൾക്കുമിടയിലെ പരസ്പര വിശ്വാസമില്ലായ്മ സൗദികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുമെന്ന് കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഇക്കണോമിക്‌സ് കോളേജ് മാനവശേഷി വിഭാഗം മേധാവി ഡോ. ഖാലിദ് അൽമൈമനി പറഞ്ഞു. സാബിക്കും സൗദിയയും പോലുള്ള വൻകിട കമ്പനികൾ വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിന് ശാസ്ത്രീയാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ഇത്തരമൊരു പദ്ധതിയുടെ അഭാവവും സ്വകാര്യ മേഖലയിൽ നിന്ന് സൗദി ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും തൊഴിലില്ലായ്മക്കും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

Latest News