Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപം: ഷര്‍ജീലിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യ ഹരജികള്‍ മാറ്റി, കേസ് രേഖകള്‍ ഹാജരാക്കണം

ന്യൂദല്‍ഹി- ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരെ   ജെഎന്‍യു ഗവേഷക വിദ്യര്‍ഥകളായിരുന്ന ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും സമര്‍പ്പിച്ച അപ്പീലുകള്‍ ദല്‍ഹി ഹൈക്കോടതി യഥാക്രമം മെയ് 19, 24 തീയതികളിലേക്ക് മാറ്റി.
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഷര്‍ജീല്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും കുറ്റപത്രവും സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച ആവശ്യപ്പെട്ടു.
ഷര്‍ജീലിന്റെ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് മിര്‍ വാദത്തിനിടെ എഫ്‌ഐആര്‍ സ്‌ക്രീനില്‍ പങ്കുവെക്കാമെന്ന് അറിയിച്ചെങ്കിലും ജഡജിമാര്‍ വിസമ്മതിച്ചു. സ്‌ക്രീന്‍ ഷെയറിംഗ് നിര്‍ത്തണമെന്നും പവര്‍ പോയിന്റ് അവതരണമല്ല ആവശ്യമെന്നും  കുറ്റപത്രം ജാമ്യം നിശ്ചയിക്കുന്നതിനുള്ള ഒരു പ്രധാന രേഖയാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
 ഗൂഢാലോചന കേസില്‍ ഏപ്രില്‍ 11ന് വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്  ഷര്‍ജീല്‍ ഇമാം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ കക്ഷി ഒരിക്കല്‍ പോലും അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും മറിച്ച്
ഒരു കാരണവശാലും അക്രമത്തില്‍ ഏര്‍പ്പെടരുതെന്നാണ്  ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ വളരെ കര്‍ശനമായും ശക്തമായും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടതെന്നും ഷര്‍ജീലിന്റെ അഭിഭാഷകന്‍ വാദിച്ചു.
2019 ഡിസംബര്‍ 13 ന് ദല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലും 2020 ജനുവരി 16 ന് ഉത്തര്‍പ്രദേശിലെ അലീഗഡ് മുസ്ലീം സര്‍വകലാശാലയിലും ഷര്‍ജീല്‍ ഇമാം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് പോലീസ് ആരോപിക്കുന്നത്.
2020 ജനുവരി 28 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷര്‍ജീല്‍ ഇപ്പോള്‍ ദല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്.
വിചാരണക്കോടതിയില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്  ഉമര്‍ ഖാലിദും ഹൈക്കോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിനിടെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗങ്ങളാണ് കലാപ കേസില്‍ ഉമര്‍ ഖാലിദിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം.
പ്രസംഗങ്ങളില്‍ താന്‍ ഉപയോഗിച്ച 'ക്രാന്തികാരി', 'ഇന്‍ക്വിലാബ്' എന്നീ പദങ്ങളുടെ അര്‍ത്ഥം വിശദീകരിക്കുന്ന രേഖകള്‍  ഹരജിക്കാരന്‍ സമര്‍പ്പിച്ചു.
സിഎഎ വിരുദ്ധരും സിഎഎ അനുകൂല പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപമായി മാറിയത്. അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യയിലേക്കുള്ള കന്നിയാത്രക്കിടെ നടന്ന  കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും   700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News