Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ വിമാനതാവളത്തിലെ തിരക്കിന് കാരണം ഇതാണ്

ജിദ്ദ - ജിദ്ദ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾ ഉപയോഗിക്കുന്ന നോർത്ത് ടെർമിനൽ വർഷങ്ങളായി ഒരുവിധ വികസന പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി വൈസ് പ്രസിഡന്റും സൗദി ട്രാവൽ ആന്റ് ടൂറിസം അസോസിയേഷൻ അംഗവുമായ ഹാനി അൽഉമൈരി പറഞ്ഞു. നോർത്ത് ടെർമിനലിൽ മാത്രമാണ് തിരക്ക് അനുഭവപ്പെടുകയും സർവീസുകൾ താളംതെറ്റുകയും ചെയ്തത്. പ്രത്യേക ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ച് നോർത്ത് ടെർമിനലിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരിശോധിക്കുന്നതിലൂടെ ഇവയുടെ കാര്യക്ഷമതയില്ലായ്മ ഉറപ്പുവരുത്താൻ സാധിക്കും. മറ്റു ടെർമിനലുകളിലെ തിരക്ക് കുറക്കാനും തീർഥാടകരുടെ മടക്കയാത്രക്കും മുൻ വർഷങ്ങളിൽ ഹജ് ടെർമിനൽ പ്രയോജനപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായി ഇത്തവണ ഹജ് ടെർമിനൽ അടച്ചിട്ടു. ഇതെല്ലാം നോർത്ത് ടെർമിനലിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടാനും സർവീസുകൾ തടസ്സപ്പെടാനും ഇടയാക്കിയ കാരണങ്ങളാണ്. 
തീർഥാടകരുടെ മടക്കയാത്രക്കുള്ള വിമാനങ്ങൾ ജിദ്ദ എയർപോർട്ടിൽ എത്താൻ വൈകിയതും തീർഥാടകരുടെ മടക്കയാത്രക്ക് കാലതാമസമുണ്ടാക്കി. ഇതും എയർപോർട്ടിൽ തിരക്ക് അനുഭവപ്പെടാൻ ഇടയാക്കിയ കാരണമാണ്. ഹജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഉംറ തീർഥാടകരെ അഞ്ചു മണിക്കൂർ മുമ്പ് ഉംറ സർവീസ് കമ്പനികൾ എയർപോർട്ടിൽ എത്തിക്കണം. ഇത് തീർഥാടകർ ദീർഘ നേരം എയർപോർട്ടിൽ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടാക്കുകയാണ്. മറ്റു അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രയുടെ പരമാവധി രണ്ടു മണിക്കൂർ മുമ്പു മാത്രം യാത്രക്കാർ എത്തിയാൽ മതി. ഹജ്, ഉംറ മന്ത്രാലയ വ്യവസ്ഥ എയർപോർട്ടിന്റെ ശേഷിയെക്കാൾ കൂടുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ ഇടയാക്കുകയാണ്. ഒന്നോ അതിലധികമോ സർവീസുകൾക്ക് കാലതാമസം നേരിടുന്നതോടെ ഈ സർവീസുകളിലെ യാത്രക്കാർ ടെർമിനലിൽ കുടുങ്ങും. ഇതോടൊപ്പം പിന്നീടുള്ള സർവീസുകളിലെ യാത്രക്കാരും എയർപോർട്ടിൽ എത്തും. 
കടുത്ത തിരക്ക് അനുഭവപ്പെടുന്ന പെരുന്നാൾ അവധിക്കാലം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ജീവനക്കാരുടെയും വിമാന കമ്പനികളുടെ ജീവനക്കാരുടെയും വലിയ കുറവ് എയർപോർട്ടിൽ അനുഭവപ്പെടാൻ ഇടയാക്കി. എയർപോർട്ട് നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും പ്രശ്‌നത്തിന് കാരണമാണ്. കൺഫേം ചെയ്ത ടിക്കറ്റുകളുമായി എത്തുന്നവരെ മാത്രമേ ടെർമിനലുകളിലേക്ക് കടത്തിവിടാൻ പാടുള്ളൂ. ടെർമിനലുകളിലേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചകളുണ്ടായി. 
വിമാന കമ്പനികൾ കൂടുതൽ യാത്രക്കാരെ വെയ്റ്റിംഗ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യുകയും ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഒരു വകുപ്പുകളുടെയും മേൽനോട്ടത്തിൽ വരാത്ത, ടൂറിസ്റ്റ്, വാണിജ്യ വിസകളിൽ എത്തിയവരും വ്യക്തിഗത യാത്രക്കാരും വലിയ തോതിൽ ടെർമിനലിൽ എത്തിയതും തിക്കിനും തിരക്കിനും സർവീസുകൾ തടസ്സപ്പെടാനും ഇടയാക്കി. 
പരിമിതമായ തോതിലല്ലാതെ, ഹജ് ടെർമിനൽ പൂർണ ശേഷിയിൽ തുറക്കുന്നത് നോർത്ത് ടെർമിനലിലെ തിരക്ക് വലിയ തോതിൽ കുറക്കാൻ സഹായിക്കും. മടക്കയാത്ര വൈകിയ തീർഥാടകരുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ ശ്രമിച്ച്, കാലതാമസം നേരിട്ട സർവീസുകൾ ഷെഡ്യൂൾ ചെയ്യാനും ഇക്കാര്യത്തിൽ പരസ്പര ഏകോപനം നടത്താനും വിമാന കമ്പനികളുടെയും ഉംറ സർവീസ് കമ്പനികളുടെയും ഗ്രൗണ്ട് സർവീസ് കമ്പനികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും ഹാനി അൽഉമൈരി പറഞ്ഞു.
 

Latest News